സഹകരണ സംഘങ്ങള്‍ ഭൂരിഭാഗവും നഷ്ടത്തില്‍; ആകെ 16329 സഹകരണ സംഘങ്ങള്‍; ലാഭത്തിലുള്ളത് വെറും 4107 മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് 4107 സംഘങ്ങള്‍ മാത്രം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 16,062 സഹകരണ സംഘങ്ങള്‍ ഉണ്ടായിരുന്നു എന്നും ഇതില്‍ 4,107 സംഘങ്ങള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സഹകരണമന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി. 16,329 സഹകരണ സംഘങ്ങള്‍ നിലവില്‍ ഉണ്ട്.

അനൂപ് ജേക്കബ് എം.എല്‍.എയുടെ ചോദ്യത്തിന് 9-8-2023 ല്‍ മന്ത്രി വാസവന്‍ നല്‍കിയ നിയമസഭ മറുപടിയിലാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന്റെ എണ്ണം വ്യക്തമാക്കിയത്. വാസവന്റെ മറുപടി സഹകരണ സംഘ നിക്ഷേപകരെ ഞെട്ടിച്ചിരിക്കുകയാണ്. കരുവന്നൂര്‍, കണ്ട ല സഹകരണ തട്ടിപ്പുകള്‍ പുറത്ത് വന്നതിന് പിന്നാലെ വിവിധ ജില്ലകളില്‍ നിന്ന് നിരവധി സഹകരണ സംഘ തട്ടിപ്പ് വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍ നിന്ന് നിക്ഷേപ തുക മടക്കി നല്‍കാന്‍ കഴിയാത്ത സാഹചര്യം നിലവില്‍ ഇല്ലെന്നാണ് വാസവന്റെ മറുപടി. ക്രമക്കേടിലൂടെയും തെറ്റായ ധനകാര്യ മാനേജ്‌മെന്റ് രീതിയിലൂടെയും മൂലധന ശോഷണം സംഭവിച്ചിട്ടുള്ള സംഘങ്ങളില്‍ നിക്ഷേപം തിരികെ കൊടുക്കാത്ത സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ സഹകരണ നിയമ പ്രകാരം നടപടി എടുത്തിട്ടുണ്ടെന്നും വാസവന്‍ വ്യക്തമാക്കി.

മന്ദഗതിയിലായ സഹകരണസംഘങ്ങളുടെ പുനരുജ്ജീവനത്തിന് സഹകരണ സംരക്ഷണ നിധി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും വാസവന്‍ മറുപടി നല്‍കി.കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് സി പി എം നേതൃത്വത്തിലുള്ള കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. കരവന്നൂര്‍ തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി. മൊയ്തിന്റെ പങ്ക് ഇ.ഡി. കണ്ടെത്തിയിരുന്നു. 4107 സംഘങ്ങള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന വാസവന്റെ മറുപടി നിക്ഷേപകരെ പരിഭ്രാന്തിയില്‍ ആക്കിയിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments