ബംഗളൂരു: പരീക്ഷാ കേന്ദ്രങ്ങളിലെ ഹിജാബ് നിരോധനത്തിന് ഇളവുമായി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഹിജാബിനുണ്ടായിരുന്ന വിലക്ക് നീക്കി. മറ്റ് പരീക്ഷകളില്‍ നിന്നും ഹിജാബിനുള്ള വിലക്ക് ഘട്ടംഘട്ടമായി നീക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തത് വ്യക്തികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകര്‍ പറഞ്ഞു. ഒക്ടോബര്‍ 28, 29 തീയതികളില്‍ നടക്കാനിരിക്കുന്ന സര്‍ക്കാര്‍ സര്‍വീസ് റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് ”സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
2021 ഡിസംബറില്‍ ഉഡുപ്പിയിലെ സ്വകാര്യ കോളേജില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് പെണ്‍കുട്ടികളെ ക്ലാസുകളില്‍ നിന്ന് തടഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുന്നത്. പെണ്‍കുട്ടികള്‍ കോളേജില്‍ പ്രതിഷേധ പ്രകടനം നടത്തുകയും വൈകാതെ ഇത്തരം പ്രകടനങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. കര്‍ണാടക ഹൈകോടതി ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്നീട് ശരിവെക്കുകയായിരുന്നു.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന് അത്യന്താപേക്ഷിതമല്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഈ വിധിയെ ചോദ്യം ചെയ്ത് പെണ്‍കുട്ടികള്‍ രംഗത്തെത്തിയതോടെ ഭിന്നാഭിപ്രായങ്ങളായിരുന്നു കോടതി മുന്നോട്ടു വെച്ചത്. സംഭവം ചീഫ് ജസ്റ്റിസിന്റെ പരിഗണനക്കയക്കുമെന്നും പുതിയ ബെഞ്ച് രൂപീകരിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല.
മേയില്‍ സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിന്നാലെ നിരോധനം പിന്‍വലിക്കുമെന്ന് പാര്‍ട്ടിയുടെ ഏക മുസ്ലീം വനിതാ എം.എല്‍.എ കനീസ് ഫാത്തിമ പറഞ്ഞിരുന്നു.