കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ക്ഷാമബത്ത (ഡി.എ) വര്‍ധിപ്പിച്ചു. നാല് ശതമാനമാണ് വര്‍ധനവ്. ഇതോടെ നിലവിലുള്ള 42% ല്‍ നിന്ന് 46% ആയി ഉയരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭയാണ് ഡി.എ വര്‍ദ്ധന ശുപാര്‍ശക്ക് അംഗീകാരം നല്‍കിയത്. 2023 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ്. പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പൊതുവിപണിയില്‍ ഉണര്‍വ് പകരാന്‍ ഈ വര്‍ധന ഉപകരിക്കും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാന ജീവനക്കാര്‍ക്ക് 25% ഡി.എ അര്‍ഹത ഉണ്ടെങ്കിലും 7% മാത്രം ആണ് നിലവില്‍ ലഭിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു പോലും ഡി.എ അനുവദിച്ചിട്ടില്ല.

2020 ജൂലൈ പ്രാബല്യത്തില്‍ അനുവദിച്ച 7% മാത്രമാണ് നിലവില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. 18% കുടിശികയാണ്. കുടിശികയില്ലാതെ ഡി.എ അനുവദിക്കുന്നതിനാല്‍ കേന്ദ്ര ജീവനക്കാര്‍ക്ക് സമയാസമയം വിലനിലവാരത്തെ മറികടക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ കുടിശികയില്‍ തുടരുന്നതിനാല്‍ സംസ്ഥാന ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് കടന്ന് പോകുന്നത്. ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണ കുടിശികകള്‍ പോലും ഇല്ലാത്തത് ജീവനക്കാരെ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിട്ടുണ്ട്. ഡി.എ കുടിശിക ഏറുന്നതോടെ കിട്ടാന്‍ ഉള്ള സാധ്യതയും കുറയുന്നു എന്നതും ജീവനക്കാരെ വല്ലാതെ പ്രയാസത്തില്‍ ആക്കുന്നു.

47 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. വരാനിരിക്കുന്ന ഉത്സവ സീസണുകള്‍ കൂടി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. വര്‍ധിപ്പിച്ച ഡിഎയ്ക്ക് ഈ വര്‍ഷം ജൂലൈ മുതല്‍ പ്രാബല്യമുള്ള സ്ഥിതിക്ക്, മുന്‍കാല പ്രാബല്യത്തോടെ കുടിശ്ശികയടക്കമാകും നവംബര്‍ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ലഭിക്കുക.

ഏറ്റവും പുതിയ ഉപഭോക്തൃവില സൂചിക അടിസ്ഥാനപ്പെടുത്തിയാണ് ജീവനക്കാരുടെ ഡിഎ കണക്കാക്കുന്നത്. ഇതിനിടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ബി-യിലെ ചില വിഭാഗങ്ങള്‍ക്കും കഴിഞ്ഞദിവസം ദീപാവലി ബോണസ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പരമവാധി 7000 രൂപ വരെയാണ് ബോണസ് ലഭിക്കുക.

കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളിലെയും സായുധ സേനകളിലെയും യോഗ്യരായ ജീവനക്കാര്‍ക്കും ബോണസ് ബാധകമായിരിക്കും. 2021 മാര്‍ച്ച് 31 വരെ സര്‍വീസിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ആറ് മാസമെങ്കിലും തുടര്‍ച്ചയായി സര്‍വീസ് നടത്തിയവര്‍ക്കും ഈ അഡ്ഹോക്ക് ബോണസിന് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.