തിരുവനന്തപുരം: കഴിഞ്ഞദിവസം ഒരുരാത്രി പെയ്ത മഴ തിരുവനന്തപുരം നഗരത്തെ അപ്പാടെ മുക്കിയിരുന്നു. നൂറുകണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നത്. ഈ ദുരിതക്കാഴ്ച്ചയില്‍ നാടിനെ കണ്ണീരണയിച്ച വാര്‍ത്തയായിരുന്നു കടകംപള്ളി കക്കോട് പാലത്തിന് സമീപത്തുള്ള ഒരുവീട്ടില്‍ വെള്ളംകയറി പെണ്‍കുട്ടിയുടെ വിവാഹ വസ്ത്രങ്ങളടക്കം നശിച്ചുപോയത്.

ഈ വീട് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സന്ദര്‍ശിച്ചിരുന്നു. വിഷമാവസ്ഥയിലായിരുന്ന ആ കുടുംബത്തെ തന്റൊപ്പം ചേര്‍ത്തുനിര്‍ത്താനും സഹായിക്കാനും പ്രതിപക്ഷ നേതാവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സങ്കടപ്പെടരുതെന്ന് വധുവിന്റെ അമ്മ മിനിയെ ആശ്വസിപ്പിച്ച പ്രതിപക്ഷ നേതാവ്. ഒരു ഉറപ്പും നല്‍കിയാണ് പുറത്തിറങ്ങിയത്. അത് മറ്റാരോടും പറയരുതെന്നും അഭ്യര്‍ത്ഥിച്ചു. ഇതേക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനവേളയില്‍ കൂടെയുണ്ടായിരുന്ന കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ ജെസ്വിന്‍ റോയ് എഴുതിയ കുറിപ്പ് വായിക്കാം..

ഇന്നു രാവിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സങ്കടകരമായ വാര്‍ത്തയായിരുന്നു രാമല എന്നുപറയുന്ന തിരുവനന്തപുരത്തുകാരിയായ പെണ്‍കുട്ടിയുടെ വാര്‍ത്ത . കഴിഞ്ഞ ദിവസം ഉണ്ടായ മഴയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആ കുട്ടി വിവാഹത്തിനു വേണ്ടി സംഘടിപ്പിച്ചുവെച്ച വിവാഹ പുടവയടക്കം വെള്ളം കയറി നശിച്ച വിവരം വാര്‍ത്ത വായിക്കുന്ന ആര്‍ക്കും വേറെ നൊമ്പരം തോന്നിയ ഒന്നായിരുന്നു. ആ വാര്‍ത്തയും തന്റെ വിവാഹ പുടവ കഴുകി ഉണക്കുന്ന ആ കുട്ടിയുടെ ചിത്രവും.

ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആ വീട്ടില്‍ പോയി. അവിടെ അദ്ദേഹം എല്ലാവരുമായി സംസാരിച്ച ശേഷം ആ വീടിനകത്തേക്ക് കയറി അമ്മയും രാമലയും ആയി എന്തോ സ്വകാര്യം പങ്കുവെച്ച് ഇറങ്ങിപ്പോന്നു. സ്വാഭാവികമായും എന്താണ് പറഞ്ഞതെന്ന് കേള്‍ക്കാനുള്ള കൗതുകത്തില്‍ ഞാന്‍ അദ്ദേഹത്തോട് എന്താണ് സ്വകാര്യം പറഞ്ഞതെന്ന കാര്യം ചോദിച്ചു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് രഹസ്യം പുറത്തു പറയാന്‍ പാടില്ല എന്നാണ്. എന്നാല്‍ പിന്നീട് രാമലയുടെ പിതാവ് ചാനലുകളില്‍ സംസാരിക്കുന്നത് കേട്ടപ്പോഴാണ് ഞാനും അത് കേട്ടത്. ചാനലുകളോടോ മറ്റാളുകളോടോ പറയണ്ട.

ഞാന്‍ എന്നാല്‍ കഴിയാവുന്നത് കൊടുത്തു വിടാം സങ്കടപ്പെടരുത്. എന്ന വാക്കാണ് ആ അമ്മയോടും ആ പെണ്‍കുട്ടിയോടും പ്രതിപക്ഷ നേതാവ് പങ്കുവെച്ചത് എന്ന് ഏറെ സന്തോഷത്തോടെ ആ പിതാവ് പറയുന്നത് കേട്ടപ്പോള്‍ വി ഡി സതീശന്‍ എന്ന വ്യക്തിയോട് മനസ്സില്‍ തോന്നിയത് വലിയ ബഹുമാനമാണ്. ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അത് പത്തുപേര്‍ അറിയണമെന്ന് ആഗ്രഹിക്കുന്ന കാലത്ത് കൂടെ ഉണ്ടായിരുന്നവരോട് വരെ രഹസ്യമായി സൂക്ഷിച്ച് പ്രതിപക്ഷ നേതാവ് ആ കുടുംബത്തോട് ഒരു സ്വകാര്യം പറഞ്ഞത് ഒരാള്‍ പോലും അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചില്ല.

ഒരു ജനപ്രതിനിധി ഇത്തരത്തില്‍ താന്‍ ചെയ്യുന്നത് മറ്റാരും അറിയേണ്ട എന്ന് ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ മനസ്സിന്റെ വലിപ്പം തന്നെയാണ്. ഒരു കൈ നല്‍കുന്നത് മറുകൈ പോലും അറിയരുത് എന്നുള്ള കാഴ്ചപ്പാട് ഇന്നത്തെ കാലഘട്ടത്തില്‍ എത്ര പ്രസക്തമാണ് എന്നത് ചിന്തിക്കേണ്ട വസ്തുതയാണെങ്കിലും അത്തരം മനസ്സുള്ളത് വലിയ നന്മയുടെ കാര്യം തന്നെയാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് അത്തരം കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഒരു നല്ല സംസ്‌കാരത്തിന്റെ ലക്ഷണം കൂടിയാണ്. അദ്ദേഹത്തെപ്പോലെ താന്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ മേനി നടിക്കാതെ നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു പൊതുപ്രവര്‍ത്തകരെയാണ് ഇന്ന് കാലഘട്ടം ആഗ്രഹിക്കുന്നത്..
ജെസ്വിന്‍ റോയ്