തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി.ഗോവിന്ദപിള്ളയുടെ പേരില്‍ തിരുവനന്തപുരത്ത് സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കും. ഈ മാസം 11ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്.

സ്ഥാപനം നിര്‍മ്മിക്കാന്‍ തിരുവനന്തപുരം തൈക്കാട് വില്ലേജിലെ 20 സെന്റ് ഭൂമി ( 8.10 ആര്‍) സര്‍ക്കാര്‍ പാട്ടത്തിന് നല്‍കും. ഒരു ആറിന് പ്രതിവര്‍ഷം 100 രൂപയാണ് പാട്ടതുകയായി നിശ്ചയിച്ചിരിക്കുന്നത്. വാര്‍ഷിക പാട്ടതുക 800 രൂപ. ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭുമി പതിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് 2022 ആഗസ്റ്റില്‍ പി.ജി സംസ്‌കൃതി കേന്ദ്രം സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. വാര്‍ഷിക പാട്ടമായി 3,42,145 രൂപ നിശ്ചയിക്കണമെന്നായിരുന്നു ലാന്റ് റവന്യു കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

പി.ഗോവിന്ദ പിള്ളയുടെ മരുമകനായ മന്ത്രി ശിവന്‍കുട്ടിയുടെ ഇടപെടല്‍ ആണ് വാര്‍ഷിക പാട്ട തുക 800 രൂപ ആക്കി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍. മന്ത്രിസഭ യോഗം ഇതംഗീകരിക്കുകയായിരുന്നു. ഭൂമി ലഭിച്ചതോടെ പഠന ഗവേഷണ കേന്ദ്രം നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റും ഡിസൈനും ഉടന്‍ തയ്യാറാക്കാനാണ് നീക്കം.

കെട്ടിട നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ വീണ്ടും കോടികള്‍ നല്‍കേണ്ടി വരും. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ആയിരുന്ന പി ഗോവിന്ദപിള്ളയെ ഭാഷാപോഷിണിയില്‍ വന്ന വിവാദ അഭിമുഖത്തെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെയും സ്‌കൂളുകളുടെയും ചുമതലയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ‘ഇ.എം.എസിന്റെ സമ്പൂര്‍ണ കൃതികളു’ടെ ജനറല്‍ എഡിറ്റര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടു.

ഇതേ തുടര്‍ന്ന് പാര്‍ട്ടിപരിപാടികളില്‍ നിന്നും വിട്ടുനിന്ന് വായനയും വിവിധ പ്രസിദ്ധീകരണങ്ങളില്‍ ലേഖനമെഴുത്തുമായി കഴിയുകയായിരുന്ന പി.ഗോവിന്ദപ്പിള്ള 2012 നവംബറില്‍ അന്തരിച്ചു.