തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെയും ഐ.ടി കമ്പനിയുടെയും പണമിടപാടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തില്‍.

കഴിഞ്ഞ ആഗസ്റ്റ് 20നാണ് മാത്യു, ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് ഇ-മെയിലിലൂടെ പരാതി അറിയിച്ചത്. വീണയും എക്‌സാ ലോജിക്ക് കമ്പനിയും ഐ.ജി.എസ്.ടി വെട്ടിപ്പ് നടത്തിയോ എന്നു പരിശോധിക്കണമെന്നായിരുന്നു ആവശ്യം. ഇതാണിപ്പോള്‍, ഇരുതല മൂര്‍ച്ചയുള്ള വാളായി മുഖ്യമന്ത്രിക്കും ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ നില്‍ക്കുന്നത്. പരാതിയില്‍ എന്ത് നടപടിയെടുത്താലും ആരുടെയെങ്കിലും നിയമലംഘനം പുറത്തുവരുമെന്ന് ഉറപ്പാണ്.

സാധനമോ സേവനമോ സ്വീകരിക്കാതെ ഇന്‍പുട്ട് ടാക്‌സ് എടുത്തിട്ടുണ്ടെങ്കില്‍ ജി.എസ്.ടി നിയമം വകുപ്പ് 122 പ്രകാരം കുറ്റവും 132 പ്രകാരം പ്രോസിക്യൂഷനും അറസ്റ്റ് നടപടികളിലേക്കും നീളുന്ന നിയമലംഘനമാണ്. നികുതി ബാധ്യത 5 കോടിയില്‍ താഴെ ആയതിനാല്‍ ജാമ്യം ലഭിക്കും.

ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം എക്‌സാലോജിക്കും വീണ.ടിയും യാതൊരു വിധ സേവനവും ചെയ്യാതെയാണ് സി.എം.ആര്‍.എല്ലില്‍ നിന്നും 2017-18 മുതല്‍ 2019-20 വരെ 1.72 കോടി രൂപ കൈപ്പറ്റിയിരിക്കുന്നത്.

ഇത് സി.എം.ആര്‍.എല്‍ മാനേജ്‌മെന്റ് ഇന്‍കംടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡ് മുമ്പാകെ മൊഴിയായി നല്‍കിയിട്ടുള്ളതാണ്. ഇനി ഈ ഇടപാടില്‍ സി.എം.ആര്‍.എല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തിട്ടുണ്ടെങ്കില്‍ പലിശ സഹിതം തിരിച്ച് അടയ്‌ക്കേണ്ടതുണ്ട്. ആലുവ ടാക്‌സ് പെയര്‍ സര്‍വ്വീസിന്റെ അധികാര പരിധിയില്‍ വരുന്ന സ്ഥാപനമാണ് സി.എം.ആര്‍.എല്‍.

2017-18 ല്‍ അനധികൃതമായി എടുത്തിട്ടുള്ള ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരിച്ച് പിടിക്കുവാന്‍ 2023 സെപ്തംബര്‍ 30 നകം നോട്ടീസ് നല്‍കേണ്ടതുണ്ട്. ജി.എസ്.ടി വകുപ്പ് വീണ വിജയനോ എക്‌സാ ലോജിക്കിനെതിരെയോ സി.എം.ആര്‍.എല്ലിന് എതിരെയോ എന്ത് നടപടി സ്വീകരിച്ചാലും അത് ഇ.ഡിയുടെ രംഗപ്രവേശനത്തിന് വഴിതുറക്കും.

ഇത് മുന്നില്‍ കണ്ടാണ് മാത്യു ബുദ്ധിപരമായി പരാതി നല്‍കിയതെന്ന ബോധ്യം ജി.എസ്.ടി വകുപ്പിനുണ്ട്. അതുകൊണ്ടുതന്നെ എംഎല്‍എയുടെ പരാതി ഉദ്യോഗസ്ഥര്‍ പരസ്പരം കൈമാറി നോക്കിയിരിപ്പാണ്. മന്ത്രിക്ക് ലഭിച്ച പരാതി ടാക്‌സസ് സെക്രട്ടറിക്കും, ടാക്‌സസ് സെക്രട്ടറി നികുതി വകുപ്പ് കമ്മീഷണര്‍ക്കും, നികുതി വകുപ്പ് കമ്മീഷണര്‍ കേന്ദ്രത്തില്‍ നിന്നും ഡെപ്യൂട്ടേഷനിലെത്തിയ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ അഡീ. കമ്മീഷണര്‍ -1 ന് കൈമാറിയിരിക്കുകയാണ്.

ഇദ്ദേഹം ഇത് ആര്‍ക്കെങ്കിലും കൈമാറാന്‍ പറ്റുമോ എന്ന ആലോചനയിലാണ്. ഈ ഫയലില്‍ ഉള്ള അപകടം മുന്നില്‍ കണ്ട് യാതൊരു നടപടിയും സ്വീകരിക്കാതെ ഉഴപ്പുകയാണ്. നികുതി വകുപ്പ് പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചാലും അത് വീണാ വിജയനെ ബാധിക്കും.