പാല്‍ വാങ്ങാന്‍ പോലും പണമില്ലാതെ കേരള ഹൗസ്; ഡല്‍ഹിയിലും കേരളത്തിന് ധനപ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കും പടരുന്നു. ഡല്‍ഹിയിലെ കേരള ഹൗസിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ജീവനക്കാരുടെ ശമ്പളം മാത്രമാണ് ഈ മാസം കേരള ഹൗസില്‍ കൊടുക്കാന്‍ സാധിച്ചത്.

ട്രഷറി നിയന്ത്രണത്തില്‍ കുരുങ്ങിയിരിക്കുകയാണ് കേരള ഹൗസിലെ പല ബില്ലുകളും. 5 ലക്ഷം രൂപക്ക് മുകളിലുള്ള ബില്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. 5 ലക്ഷം രൂപക്ക് താഴെയുള്ള ബില്ലുകളാകട്ടെ ട്രഷറി ക്യൂവിലും. ചെറിയ തുകയുടെ കണ്ടിജന്റ് ബില്ലുകള്‍ പോലും ട്രഷറിയില്‍ നിന്ന് പാസാകുന്നില്ല.

പാല്‍ വാങ്ങാത്തതിനാല്‍ കേരള ഹൗസ് കാന്റിനില്‍ രണ്ട് ദിവസമായി കട്ടന്‍ ചായയാണ് വിതരണം ചെയ്യുന്നത്. ഗ്യാസ് തീര്‍ന്നാല്‍ ഭക്ഷണം പാകം ചെയ്യലും മുടങ്ങും. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അടക്കമുള്ളവര്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് കേരള ഹൗസ് ക്യാന്റീനിലാണ്.

കേരള ഹൗസിലെ കാറുകള്‍ക്ക് ഇന്ധനം നിറച്ച വകയില്‍ പെട്രോള്‍ പമ്പുകള്‍ക്ക് പണം നല്‍കാനുണ്ട്. കെ.വി തോമസിനെയും പരിവാരങ്ങളെയും കൂടാതെ 117 സ്ഥിരം ജീവനക്കാര്‍ കേരള ഹൗസില്‍ ഉണ്ട്. 250 ഓളം താല്‍ക്കാലിക ജീവനക്കാരും കേരള ഹൗസില്‍ ജോലി ചെയ്യുന്നു.

കേരള ഹൗസിലെ ക്യാന്റീനില്‍ നിന്നാണ് ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കുന്നത്. കേരള ഹൗസിലെത്തുന്ന സന്ദര്‍ശകരും ഭക്ഷണത്തിനായി കാന്റിനെയാണ് ആശ്രയിക്കുന്നത്. കേരള ഹൗസിന്റെ പ്രവര്‍ത്തനത്തിന് 2023-24 ലെ ബജറ്റില്‍ 11.87 കോടിയാണ് നീക്കി വച്ചിരിക്കുന്നത്. കേരള ഹൗസില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം ഒരു വര്‍ഷത്തെ ചെലവ് 7.29 കോടിയാണ്.

ഇന്ധനത്തിനായി ഈ വര്‍ഷം വകയിരുത്തിയിരിക്കുന്നത് 15.26 ലക്ഷമാണ്. ബജറ്റില്‍ പണം ഉണ്ടെങ്കിലും ബില്ലുകള്‍ മാറാന്‍ ട്രഷറി കനിയണം. കാന്റിന്‍ പൂട്ടി പോകാതിരിക്കാന്‍ കെ.വി. തോമസിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം എന്ന ആവശ്യമാണ് ഉയരുന്നത്. കെ.വി. തോമസിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്നതും കേരള ഹൗസിലാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments