ദേശാഭിമാനി വരിസംഖ്യയും യൂണിയന്‍ പിരിവും തിരഞ്ഞെടുപ്പ് ഫണ്ടും നല്‍കാത്ത വനിതകളെ ഉള്‍പ്പടെയുള്ളവരെ തിരഞ്ഞ് പിടിച്ച് പൊതുസ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മാറ്റി നിയമിച്ചു. വനിതാ ജീവനക്കാര്‍ കൂട്ടത്തോടെ കേന്ദ്ര വനിതാ കമ്മീഷനെ സമീപിക്കാന്‍ നീക്കം

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പാര്‍ട്ടിവത്കരിക്കാനുള്ള ശ്രമത്തില്‍ അവതാളത്തിലായി സംസ്ഥാന ജി.എസ്.ടി വകുപ്പ്. സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വരിസംഖ്യ അടയ്ക്കാത്തവരെയും യൂണിയന്‍ പിരിവ് നല്‍കാത്തവരെയും തെരഞ്ഞുപിടിച്ച് വകുപ്പുതല നടപടികള്‍ കൈക്കൊള്ളുകയാണ് ഇപ്പോള്‍. തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന് വനിതാ ജീവനക്കാരെയടക്കം സംസ്ഥാനത്തിന്റെ തെക്കും വടക്കും സ്ഥലംമാറ്റുകയാണ്. ഇതുമൂലം, വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുന്നതിനോടൊപ്പം പൊതുപണവും പാഴാകുകയാണ്.

ജീവനക്കാര്‍ക്ക് വന്‍തുക മുടക്കി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് സംഘടനകളുടെ പിടിവാശിക്കുവേണ്ടിയുള്ള സ്ഥലംമാറ്റം. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് അതാത് മേഖലകളില്‍ ലഭിച്ച പരിശീലനം പാഴാകുകയാണ്.

ഒരോ വിങ്ങിലേക്കും നിയമിച്ച ഉദ്യോഗസ്ഥരെ പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലാതെ മൂന്ന് വര്‍ഷങ്ങള്‍ക്കകം വിങ്ങ് മാറ്റി നിയമിക്കരുത് എന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി ഭരണവിലാസം സംഘടനകളുടെ സമ്മര്‍ദ്ദത്തില്‍ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നു. ഇത് മൂലം പരിശീലനത്തിനായി ചിലവഴിച്ച തുക ലക്ഷ്യം കാണാതെ പാഴാകുകയാണ്.

കഴിഞ്ഞ ജനുവരി 10 നാണ് സംസ്ഥാന ജി.എസ്.ടി വകുപ്പ് മൂന്ന് പ്രധാന വിഭാഗങ്ങളായി, ഓഡിറ്റ്, ടാക്‌സ് പെയര്‍ സര്‍വ്വീസ്, ഇന്റലിജന്‍സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ച് കോടികള്‍ ചിലവഴിച്ച് ഓരോ വിഭാഗത്തിന്റേയും പ്രാധാന്യം അനുസരിച്ചുള്ള വെവ്വേറെ പരിശീലനമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.

സംസ്ഥാന വരുമാനത്തിന്റെ 3/4 ഭാഗം നേടിത്തരേണ്ട സുപ്രധാന വകുപ്പില്‍ സംസ്ഥാനം ധന പ്രതിസന്ധിയുടെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയപ്പോഴും ഭരണാനുകൂല സംഘടനകള്‍ക്ക് പ്രധാനം അവരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ മാത്രം. ജി.എസ്.ടി വകുപ്പിലെ സ്ഥലംമാറ്റത്തിലെ ക്രമക്കേടുകളിലും അഴിമതിയിലും അധികാര ദുര്‍വിനയോഗത്തിലും ലോകായുക്ത നികുതി സെക്രട്ടറിയേയും കമ്മീഷണറേയും പ്രതി ചേര്‍ത്ത് കേസെടുത്തിരുന്നു.

2019 ന് ശേഷം ജി.എസ്.ടി വകുപ്പില്‍ പൊതു സ്ഥലം മാറ്റം ഭരണാനുകൂല സംഘടനകളുടെ എതിര്‍പ്പ് മൂലം നടത്താന്‍ കഴിഞ്ഞിട്ടില്ല. വകുപ്പ് പുനഃസംഘടനയില്‍ പുതുതായി രൂപം കൊടുത്ത 7 സോണുകളിലായി 700 ഓളം ജീവനക്കാര്‍ അടങ്ങിയ ഓഡിറ്റ് വിങ്ങിന് പ്രവര്‍ത്തനം തുടങ്ങുവാന്‍ കഴിഞ്ഞിട്ടില്ല.

മിക്ക ജില്ലകളിലും ഓഫീസോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇനിയും തയ്യാറായിട്ടില്ല. കംപ്യൂട്ടറോ ഇന്റര്‍നെറ്റോ പോലുമില്ല കഴിഞ്ഞ 8 മാസമായി ഇത്രയും ജീവനക്കാരെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കാതെ ശമ്പളം നല്‍കിവരുന്നു. അത് പോലെ തന്നെ വകുപ്പ് പുനഃസംഘടനയിലെ മറ്റൊരു ദീര്‍ഘ വീക്ഷണം ഇല്ലായ്മ മൂലം റെവന്യൂ വരുമാനം കുറഞ്ഞ ജില്ലകളിലെ ഉയര്‍ന്ന തസ്തികകളിലുള്ള ടാക്‌സ് പെയര്‍ യൂണിറ്റി ലെ ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞ 8 മാസമായി ജോലിയില്ല. 2 ലക്ഷം വരെ ഇന്‍സ്‌പെക്ടര്‍മാരും. 2 മുതല്‍ 50 ലക്ഷം വരെ ഓഫീസര്‍മാരും. 50 ലക്ഷം രൂപ മുതല്‍ 2 കോടി വരെയുള്ള നികുതി കേസുകള്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരും, ജോയിന്റ് കമ്മീഷണര്‍ മാര്‍ക്ക് പരിധിയില്ലാതെയും അഡ് ജ്യൂഡിക്കേഷന്‍ ജോലികള്‍ ചെയ്യണമെന്നതാണ് ഉത്തരവ് ഉള്ളത്.

എന്നാല്‍ താരതമ്യേന നികുതി വരുമാനം കുറഞ്ഞ ജില്ലകളില്‍ ഇന്‍സ്‌പെക്ടര്‍ മാര്‍ക്കും ഓഫീസര്‍ മാര്‍ക്കും ഫയലുകളു ടെ എണ്ണം കൂടുതലും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് കഴിഞ്ഞ 8 മാസമായി ഒരു ഫയല്‍ പോലും ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. അത് പോലെ തന്നെ പഴയ നികുതി നിയമങ്ങളിലെ ഫയലുകള്‍ ജി.എസ്.ടി ക്ക് അനുരോധമായി പിന്‍ മാപ്പിങ്ങിലൂടെ വിഭജിക്കുവാനുള്ള തീരുമാനം ആന മണ്ടത്തരമായി നില്‍ക്കുന്നു. പല ഓഫീസുകളില്‍ കോടികളുടെ നികുതി കുടിശ്ശികയുള്ള ഫയലുകള്‍ നാഥനില്ലാതെ നശിക്കുന്നു. ഫയല്‍ കൈമാറ്റം പൂര്‍ണ്ണമാക്കുവാന്‍ വകുപ്പിന് ഇനിയും സാധിച്ചിട്ടില്ല.

ഇതിനിടയില്‍ സുപ്രധാന ജി.എസ്.ടി ഫയലുകള്‍ ആക്രിക്കൊപ്പം കടത്തിയ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അഡീ. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണം അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ജി.എസ്.ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ ചുമതലപ്പെടുത്തി. ഏറ്റവും കൂടുതല്‍ നികുതി നിര്‍ണ്ണയ ഫയലുകള്‍ കാണാതായത് ഏറണാകുളം ജില്ലയില്‍ നിന്നാണ്. ഇതില്‍ കോടികളുടെ നികുതി കുടിശ്ശിക ഉള്ള ഫയലുകള്‍ ഉണ്ട് .

അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉള്ളവ, വിവിധ ഫോറങ്ങളില്‍ വ്യവഹാരത്തിലുള്ളവ, റവെന്യു റിക്കവറി നടപടികളില്‍ ഉള്‍പ്പെടുന്ന ഫയലുകളും വകുപ്പ് പുനഃസംഘടനയുടെ മറവിലുള്ള ഓഫീസ് നവീകരണത്തിന്റെ പേരില്‍ ആക്രി ഫയലുകള്‍ക്കൊപ്പം വിറ്റതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ കൊടുത്തപ്പോള്‍ രാജഭരണ കാലത്തെ പുരാരേഖകളും മൂല്യമറിയാതെ വിറ്റു. ആക്രി സാധനങ്ങള്‍ വിറ്റപ്പോള്‍ സേറ്റാര്‍ പര്‍ച്ചേസ് മാനുവല്‍ അനുസരിച്ചുള്ള കണ്ടം നേഷന്‍ നടപടി ക്രമങ്ങള്‍ കാറ്റില്‍ പറത്തിയതായി ആക്ഷേപമുണ്ട്.

നികുതി കുടിശ്ശികയുള്ള ഫയലുകള്‍ കടത്തിയത് മനഃപൂര്‍വ്വമാണോ എന്നതില്‍ സംശയമുണ്ട്. ഓഡിറ്റ് ഒബ്ജക്ഷന്‍ സംബന്ധിച്ച് മറുപടി തയ്യാറാക്കു വാനായി കച്ചവടക്കാരില്‍ നിന്നും ഉത്തരവുകളുടെ പകര്‍പ്പ് വാങ്ങി ഡ്യൂപ്‌ളിക്കേറ്റ് ഫയല്‍ ശൃഷ്ടിച്ച് ഫയലുകള്‍ ഒന്നും നഷ്ടപെട്ടിട്ടില്ല എന്ന പ്രാഥമിക മറുപടി നല്‍കി തടി ഊരാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട ഫയലുകളുടെ ലിസ്റ്റ് സഹിതം നികുതി വകുപ്പ് സെകട്ടറിക്ക് കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ത്തിന് ഉത്തരവ് ഇട്ടത്.

ഇത് സംബന്ധിച്ച് നിയമസഭാ ചോദ്യവും നിലവിലുണ്ട് ഇതിന് ധനമന്ത്രി മറുപടി നല്‍കേണ്ടതുണ്ട്. അന്വഷണം ശരിയായ ദിശയില്‍ നടക്കുമോ അതോ ഇതിന് നേതൃത്വം നല്‍കിയ ഭരണാനുകൂല സംഘടനാ നേതാവിനെ സംരക്ഷിക്കുമോ എന്ന് കണ്ടറിയണം