വൈദ്യുതിയില്ലാതെ സി.സി.ടി.വി സ്ഥാപിച്ച് ഇളിഭ്യരായി ആലപ്പുഴ, കായംകുളം മുനിസിപ്പാലിറ്റികള്‍; പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ സർക്കാർ പരാജയം

തിരുവനന്തപുരം: മാലിന്യ മുക്ത കേരളം എന്ന മുദ്രാവാക്യം സര്‍ക്കാര്‍ നിരന്തരം ആവര്‍ത്തിക്കുമ്പോഴും അതിനു വേണ്ടി പ്രഖ്യാപിച്ച പല പദ്ധതികളും പാളിപ്പോകുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേന നടക്കുന്ന പല മാലിന്യ മുക്ത പരിപാടികളും പരാജയപ്പെടുകയാണെന്ന് 2022 വര്‍ഷത്തെ സി ആന്റ് എജി റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗര സ്ഥാപനങ്ങളിലെ മാലിന്യ പരിപാലനം സംബന്ധിച്ച സി ആന്റ് എജിയുടെ റിപ്പോര്‍ട്ടില്‍ മാലിന്യ പരിപാലനത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുടെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടികാണിക്കുന്നുണ്ട്.

പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളുന്നത് കണ്ടെത്തി പിഴ ഈടാക്കാനായി തിരുവനന്തപുരം കോര്‍പറേഷന്‍ വാങ്ങിയത് 15 ക്യാമറകള്‍. 21 ലക്ഷം രൂപയായിരുന്നു ക്യാമറയുടെ വില. ഒരു ക്യാമറയുടെ വില 1.40 ലക്ഷം. 2018 – 19ല്‍ നിരിക്ഷണ ക്യാമറകള്‍ വാങ്ങി.

2021 ഒക്ടോബര്‍ വരെ ക്യാമറ നിരീക്ഷിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിഴയായി ചുമത്തിയത് 41,930 രൂപ. ക്യാമറകള്‍ പിന്നിട് തകരാറിലായതോടെ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് ആളെ / വാഹനത്തെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വന്നു. ക്യാമറയും തകരാറിലായി. അതോടെ പിഴയും പോയി കിട്ടി.

രസകരമായ സംഭവങ്ങളാണ് ആലപ്പുഴ, കായംകുളം മുനിസിപ്പാലിറ്റികളില്‍ നടന്നത്. കായംകുളത്ത് 5 ക്യാമറകള്‍ സ്ഥാപിച്ചു. 5 ലക്ഷം രൂപയായിരുന്നു ക്യാമറയുടെ വില. ഒരു ക്യാമറക്ക് 1 ലക്ഷം . ആലപ്പുഴയില്‍ 11 ക്യാമറകള്‍ സ്ഥാപിച്ചു. 5 ലക്ഷമായിരുന്നു ക്യാമറയുടെ വില. ഒരു ക്യാമറക്ക് 45,455 രൂപ. ആലപ്പുഴ, കായംകുളം മുനിസിപ്പാലിറ്റികളില്‍ വൈദ്യുത കണക്ഷന്‍ സ്ഥാപിക്കാത്തതിനാല്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല.

സ്ഥാപിച്ച ക്യാമറകള്‍ക്ക് ഫലപ്രദമായ നിരീക്ഷണം ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച ഉണ്ടായി. ക്യാമറകള്‍ക്ക് സമയോചിതമായ അറ്റകുറ്റ പണിയും പരിപാലനവും നടത്താന്‍ സാധിച്ചില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ പിഴ ചുമത്താനാണ് സി ആന്റ് എജിയുടെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും മേയറുടേയും ചെയര്‍മാന്‍മാരുടേയും വലിയ ഫ്‌ലക്‌സുകളും കട്ടൗട്ടുകളുമായി മാത്രം മാലിന്യ മുക്ത കേരള പദ്ധതികള്‍ മാറുന്നു എന്ന് ചുരുക്കം.