കുട്ടിക്കാലത്ത് ഫുട്‌ബോള്‍ കമ്പവുമായി നടന്ന് കൊല്ലം ജില്ലയിലെ കോവൂരിന്റെ മൈതാനിയിലൂടെ കളിയുടെ ബാലപാഠങ്ങള്‍ പഠിച്ച ബിച്ചുനാഥ് ഇന്ന് കേരളത്തിന്റെ അഭിമാനമാണ്. കോവൂര്‍ ഗ്രാമത്തിലെ കൊച്ചുമൈതാനിയില്‍ ഫുട്‌ബോള്‍ തട്ടി ശീലിച്ച ഈ പതിനെട്ടുകാരന്‍ 30ന് സ്‌പെയിനിലേക്ക് പറക്കും. സ്‌പെയിനിലെ റീജ്യണല്‍ മൂന്നാം ക്ലബായ മിസലാത്ത യുഎഫ് ഫുട്‌ബോള്‍ അക്കാദമിയിലേക്കാണ് ഈ പതിനെട്ടുകാരന്‍ പോകുന്നത്.

കോവൂരിലെ അപ്പൂസ് സ്‌പോര്‍ടിംഗ് ക്ലബിന്റെ കൊച്ചുകളിക്കാരനായായിരുന്നു തുടക്കം. കേരള പോലീസിന്റെ മുന്‍താരം രാധാകൃഷ്ണപിള്ളയുടെ കീഴിലാണ് പരിശീലനം തുടങ്ങിയത്. പിന്നീട് സായിയിലും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലും പഠനത്തോടൊപ്പം പരീശീലനം തേടി.

പ്ലസ് ടുവിലേക്ക് കടക്കുന്നതിനിടെ പ്രൊഫഷണല്‍ മത്സരങ്ങളില്‍ പന്ത് തട്ടി. സംസ്ഥാന ടീമിനുവേണ്ടി നാല് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. കൂടാതെ ഒട്ടേറെ ക്ലബ് മത്സരങ്ങളിലും കളിച്ചു. മലപ്പുറം ആസ്ഥാനമായുള്ള കേരള യൂണൈറ്റഡ് ക്ലബിന്റെ താരമായി കളിക്കുന്നതിനിടെയാണ് സ്‌പെയിനിലേക്ക് സെലക്ഷന്‍ കിട്ടുന്നത്. വിംഗറായാണ് സെലക്ഷന്‍ മത്സരത്തില്‍ കളിച്ചത്.

കഴിഞ്ഞദിവസം സ്‌പെയിനിലേക്ക് പോകുന്നതിനുള്ള വിസ ഉള്‍പ്പെടെയുള്ള രേഖകള്‍ കൈയില്‍ കിട്ടിയതോടെ വലിയ ആഹ്ലാദത്തിലാണ് ബിച്ചു. ബിച്ചുവിന്റെ കുടുംബവും കായിക പ്രേമികളാണ്. ദേശീയ അത്‌ലറ്റിക് താരം പരേതയായ ദ്രൗപതി മുത്തശ്ശിയാണ്. കോവൂര്‍ പുത്തന്‍പുരയില്‍ ബിനുനാഥിന്റെയും വിനിതയുടെയും മകനാണ്. സഹോദരി അന്‍വിത.