ജീവനക്കാർ കുട്ടികളെ ഓഫീസിൽ കൊണ്ട് വരരുത്, നടപടി എടുക്കുമെന്നായിരുന്നു 2018 ൽ പിണറായി സർക്കാർ ഇറക്കിയ ഉത്തരവ്; തന്റെ കൈക്കുഞ്ഞുമായി ഓഫീസിലിരിക്കുന്ന മേയർ ആര്യ രാജേന്ദ്രൻ്റെ ചിത്രം വൈറലായതിന് പിന്നാലെ സർക്കാർ ഇറക്കിയ ഉത്തരവും ചർച്ചയാകുന്നു

കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വ്യത്യസ്ത അഭിപ്രായങ്ങളും ചിത്രത്തെ കുറിച്ച് ഉയരുന്നു. മേയറുടെ കസേരയിലിരുന്ന് ഫയൽ പരിശോധിക്കുകയാണ് ആര്യ. കൈയിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞ് ഉറങ്ങുന്നതും ചിത്രത്തിൽ കാണാം.

സിപിഎം സൈബർ സെല്ലുകൾ ഇന്നലെ മുതൽ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരാണ് രംഗത്തെത്തുന്നത്.ജോലിയിലും ശ്രദ്ധിക്കാൻ പറ്റില്ല കുഞ്ഞിനേയും നോക്കാൻ പറ്റില്ല എന്നതാണ് അത്യാവശ്യ ഘട്ടത്തിൽ അരദിവസത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാനുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ സി.പി അജിത ഫേസ് ബുക്കിൽ കുറിച്ചു. അജിതയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

” പി ആർ വർക്കാണെങ്കിൽ ഓകെ, ഒരു പടി കൂടി കടന്ന് ഈ പ്രിവിലേജ് എല്ലാ അമ്മമാർക്കും കിട്ടണമെന്ന വിപ്ലവ ചിന്ത പങ്കുവയ്ക്കുന്നതിലും തെറ്റൊന്നുമില്ല. ജോലിയിലും ശ്രദ്ധിക്കാൻ പറ്റില്ല കുഞ്ഞിനേയും നോക്കാൻ പറ്റില്ല എന്നതാണ് അത്യാവശ്യ ഘട്ടത്തിൽ അരദിവസത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാനുള്ളത്. അല്ലെങ്കിലും ലൈക്കിനും ഷെയറിനും സോഷ്യൽ മീഡിയ സ്പേസിലെ കൂക്കുവിളികൾക്കുമൊന്നും യാഥാർത്ഥ്യവുമായി ബന്ധമൊന്നുമില്ലല്ലോ, ഇന്നലെ മുതൽ തലങ്ങും വിലങ്ങും ഈ ഫോട്ടോ കണ്ട് സഹികെട്ടതുകൊണ്ട് മാത്രം പോസ്റ്റുന്നത് ”

സർക്കാർ ഓഫീസിൽ ജീവനക്കാർ കുട്ടികളെ കൊണ്ടുവരരുത് എന്നാണ് 2018 ൽ പിണറായി സർക്കാർ ഇറക്കിയ തിട്ടൂരം . 18.5.2018 ൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ഇറക്കിയ ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പിന്റെ സർക്കുലറിലാണ് കുട്ടികളെ ജീവനക്കാർ ഓഫിസിൽ കൊണ്ട് വരരുത് എന്ന് നിഷ്കർഷിച്ചിരിക്കുന്നത്.

ജീവനക്കാർ ഓഫിസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ട് വരുകയും ഒപ്പം ഇരുത്തുകയും ചെയ്യുന്നത് കൊണ്ട് വിലപ്പെട്ട ഓഫിസ് സമയം നഷ്ടപ്പെടുന്നതോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപെടുന്നെന്നും സർക്കുലർ ചൂണ്ടികാണിക്കുന്നു. കുട്ടികളെ ഓഫിസിൽ കൊണ്ട് വരുന്ന ജീവനക്കാർക്കെതിരെ അച്ചടക്കനടപടികൾ കൈകൊള്ളണം എന്നും സർക്കുലർ പറയുന്നു.