വേണ്ടി വന്നാല്‍ എ.സി. മൊയ്തീനെ ഇ.ഡി.ക്ക് അറസ്റ്റ് ചെയ്യാം; സ്പീക്കറുടെ അനുമതി വേണ്ട; നിയമസഭ ചട്ടങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ എ.സി. മൊയ്തീന്‍ എം.എല്‍.എയെ ഇ.ഡി ഇന്ന് ചോദ്യം. മൊയ്തിനെതിരെ ശക്തമായ തെളിവുകള്‍ ഇ.ഡി. ശേഖരിച്ചു കഴിഞ്ഞു. അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

ഇന്ന് നിയമസഭ സമ്മേളനം ആരംഭിക്കുമ്പോള്‍ മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യുന്നതിന്റെ ആശങ്കയിലാണ് സി.പി.എം. സഭ സമ്മേളനം നടക്കുമ്പോള്‍ സ്പീക്കറുടെ അനുമതി ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന രീതിയിലുള്ള പ്രചരണവും നടക്കുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് നിയമസഭ ചട്ടങ്ങള്‍ വ്യക്തമാക്കുന്നു.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യ നിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങള്‍ 161 മുതല്‍ 165 വരെ അംഗത്തിന്റെ അറസ്റ്റിനെ കുറിച്ച് പ്രതിപാദിക്കുന്നു. ക്രിമിനല്‍ കേസില്‍ അംഗത്തെ അറസ്റ്റ് ചെയ്ത്, തടങ്കലിലാക്കാം. അറസ്റ്റ് ചെയ്തതിന്റെ കാരണങ്ങളും തടവില്‍ പാര്‍പ്പിച്ച സ്ഥലവും ഉടനടി സ്പീക്കറെ അറിയിക്കണമെന്ന് ചട്ടം 161 ല്‍ പറയുന്നു.

സഭ കൂടിയിരിക്കുന്ന പക്ഷം സ്പീക്കര്‍ അത് സഭയില്‍ വായിക്കണം. സഭ സമ്മേളനം ഇല്ലാത്ത പക്ഷം അംഗങ്ങളുടെ അറിവിലേക്കായി നിയമസഭ ബുള്ളറ്റിനില്‍ അത് പ്രസിദ്ധപ്പെടുത്തണമെന്ന് ചട്ടം 163 ല്‍ പറയുന്നു. സ്പീക്കറുടെ അനുമതി വാങ്ങാതെ നിയമസഭാ പരിസരത്തിനുള്ളില്‍ വച്ച് യാതൊരു അറസ്റ്റും നടത്താന്‍ പാടുള്ളതല്ല എന്ന് ചട്ടം 164 ല്‍ പറയുന്നു. നിയമസഭ പരിസരത്തിനുള്ളില്‍ വച്ച് സിവിലോ ക്രിമിനലോ ആയ നിയമപരമായ യാതൊരു പ്രോസസും നടത്താന്‍ പാടുള്ളതല്ല എന്നാണ് ചട്ടം 165 ല്‍ പറയുന്നത്. നിയമസഭ ചട്ടങ്ങള്‍ അനുസരിച്ച് മൊയ്തിനെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണ്ട എന്ന് വ്യക്തം.

രണ്ട് തവണ ഇ.ഡി. നോട്ടിസ് നല്‍കിയെങ്കിലും മൊയ്തിന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റ് ഉണ്ടായാല്‍ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന ആശങ്ക സി.പി.എം കേന്ദ്രങ്ങള്‍ക്ക് ഉണ്ടായിരുന്നു. മൊയ്തിനോട് ഹാജരാകേണ്ട എന്ന വ്യക്തമായ നിര്‍ദ്ദേശം പിണറായി നല്‍കിയത് ഈ സാഹചര്യത്തില്‍ ആയിരുന്നു. കരവന്നൂരിലെ തട്ടിപ്പും പുതുപ്പളളിയില്‍ തെരഞ്ഞെടുപ്പ് വിഷയമായി യു.ഡി.എഫ് ഉയര്‍ത്തിയിരുന്നു.

വീട്ടില്‍ റെയ്ഡ് നടത്തുകയും ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ അറിയിച്ചുള്ള നോട്ടീസ് മൊയ്തിന് ഇ.ഡി. നല്‍കിയത്.

കൂടാതെ മൊയ്തീന്റെ ബിനാമികളുടെ 15 കോടി രൂപ വിലമതിക്കുന്ന 36 വസ്തുവകകളും ഇ.ഡി. പിടിച്ചെടുത്തിരുന്നു. നിരവധി ബിനാമി വായ്പകള്‍ എ.സി. മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് നല്‍കിയതെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു.

സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തുതന്നെ ബാങ്കുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് അതില്‍ നടപടിയെടുത്തില്ലെന്നും ഇ.ഡി. മനസ്സിലാക്കി. ബിജു കരീമുമായി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന്‍ ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായും ഇ.ഡി. കണ്ടെത്തി. മന്ത്രിയായിരുന്ന കാലത്തെ ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതികളിലും മൊയ്തിന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇ.ഡി കണ്ടെത്തിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments