തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന സോളാര്‍ ലൈംഗികാരോപണത്തിന് പിന്നില്‍ പത്തനാപുരം എം.എല്‍.എ കെ.ബി. ഗണേഷ് കുമാറും സഹായികളും ആളെന്ന സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കെ.ബി. ഗണേഷ് കുമാര്‍. സരിത എസ്. നായര്‍ ജയിലില്‍ നിന്ന് എഴുതിയ കത്ത് കൈക്കലാക്കി അതില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തതാണെന്നും ഇത് ചാനലുകള്‍ക്കും നേതാക്കള്‍ക്കും വിറ്റ് കാശുണ്ടാക്കിയെന്നും സിബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടെ കെ.ബി. ഗണേഷ് കുമാറിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. യു.ഡി.എഫിലേക്ക് പാലം പണിയുന്ന ഗണേഷിനെതിരെ യുവനേതാക്കള്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ രംഗത്തെത്തി.കെ.ബി. ഗണേഷ് കുമാര്‍ വഞ്ചകനും ഒറ്റുകാരനും; എല്‍.ഡി.എഫും യു.ഡി.എഫും അടുപ്പിക്കില്ല; മന്ത്രിസ്ഥാനം പ്രതിസന്ധിയില്‍

സര്‍ക്കാരിനെ വിമര്‍ശനമുനയില്‍നിര്‍ത്തി വിമതവേഷത്തില്‍ നില്‍ക്കുകയും, യു.ഡി.എഫിലേക്ക് കണ്ണുപായിച്ച് അവസരം കാത്തിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതിനാല്‍, ഉമ്മന്‍ചാണ്ടിയെ ഒപ്പംനിന്ന് ചതിച്ച ഒറ്റുകാരനായി പ്രഖ്യാപിച്ച് കോണ്‍ഗ്രസിലെ യുവനിര ഗണേഷിനെതിരേ തിരിഞ്ഞപ്പോള്‍ രാഷ്ട്രീയകവചം തീര്‍ക്കാന്‍ സ്വന്തം മുന്നണിയായ എല്‍.ഡി.എഫും രംഗത്തില്ലാത്ത സ്ഥിതിയാണ്.

ഉമ്മന്‍ചാണ്ടി നല്‍കിയ ഔദാര്യമാണ് ഗണേഷിന്റെ പൊതുജീവിതമെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. കൂടെനിന്ന് ചതിക്കുന്നവന്റെ വേഷം ഗണേഷ് സിനിമയില്‍ ഒന്നിലേറെത്തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോള്‍ ജീവിതത്തിലും പകര്‍ന്നാടി എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. ഗണേഷിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് പറഞ്ഞൊഴിയുകയാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ചെയ്തത്.

സരിത എസ്. നായരുടെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ കെ.ബി. ഗണേഷ് കുമാര്‍: സിബിഐ റിപ്പോര്‍ട്ട്

പിണറായി സര്‍ക്കാരിന്റെ രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഗതാഗതമന്ത്രിസ്ഥാനം ഗണേഷിന് ലഭിക്കുമെന്നാണ് നേരത്തേ എല്‍.ഡി.എഫിലുണ്ടായ ധാരണ. ആ ധാരണ പാലിക്കപ്പെടുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണിപ്പോള്‍. ഗണേഷിന്റെ പാര്‍ട്ടിക്ക് നല്‍കിയ മുന്നാക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനംപോലും സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ റദ്ദാക്കിയത് അടുത്തദിവസമാണ്.

സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി എഴുതിയ കത്തുമായി ബന്ധപ്പെട്ട കേസില്‍ കെ.ബി. ഗണേഷ് കുമാറിനെതിരേ ഉമ്മന്‍ചാണ്ടിയും മൊഴിനല്‍കിയിരുന്നു. വ്യാജരേഖകള്‍ ഹാജരാക്കി സോളാര്‍ അന്വേഷണക്കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്ന കേസിലായിരുന്നു ഇത്.

2018-ല്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു മൊഴി. തന്റെ മന്ത്രിസഭയില്‍നിന്ന് രാജിവെച്ച ഗണേഷ് കുമാറിന് സ്ഥാനം തിരികെക്കിട്ടാത്തതിനാല്‍ തന്നോടും യു.ഡി.എഫ്. നേതാക്കളാടും വിരോധമുണ്ടെന്നായിരുന്നു മൊഴിനല്‍കിയത്.

മുന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സുധീര്‍ േജക്കബ് നല്‍കിയ കേസിലായിരുന്നു ഇത്. പരാതിക്കാരി പത്തനംതിട്ട ജയിലില്‍വെച്ച് എഴുതിയ 21 പേജുള്ള കത്തില്‍ യു.ഡി.എഫ്. നേതാക്കള്‍െക്കതിരേ ലൈംഗികാരോപണങ്ങളടങ്ങിയ നാലുപേജ് എഴുതിച്ചേര്‍ത്തത് എതിര്‍കക്ഷികളുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.

കൃത്രിമരേഖചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത കോടതി, സമന്‍സയക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തു. സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളോട് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. പ്രതികരിച്ചില്ല. തന്റെ മണ്ഡലമായ പത്തനാപുരത്തുതന്നെയുണ്ടായിരുന്നെങ്കിലും അദ്ദേഹം ഫോണ്‍വിളികളോട് പ്രതികരിച്ചില്ല.