പുതുപ്പള്ളിയില്‍ ജയിച്ചത് ചാണ്ടി ഉമ്മന്‍; വിജയശില്‍പി വി.ഡി. സതീശന്‍; യു.ഡി.എഫ് ഇലക്ഷന്‍ മാനേജ്മെന്റ് ഇങ്ങനെ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് തിരുത്തി വിജയം നേടിയിരിക്കുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. 37,719 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ നേടിയത്.

പുതുപ്പള്ളിയില്‍ വിജയം ഉറപ്പായിരുന്നെങ്കിലും സിപിഎമ്മിനുണ്ടാകുന്ന തോല്‍വിയുടെ ആഘാതം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പിച്ചായിരുന്നു യു.ഡി.എഫ് ക്യാമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആദ്യമണിക്കൂറ് മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപന സമയം മുതല്‍ യു.ഡി.എഫിനെ നയിച്ചത്. തൃക്കാക്കരയ്ക്ക് സമാനമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള രണ്ട് മണിക്കൂറില്‍ അന്‍പതിലധികം ഫോണ്‍ കോളുകളാണ് സംസ്ഥാന ദേശീയ നേതാക്കളുമായി പ്രതിപക്ഷ നേതാവ് നടത്തിയത്. മൂന്ന് മണിക്കൂറിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന്റെ തൊട്ടുപിന്നാലെ പരസ്യ പ്രചരണ പരിപാടികളും തുടങ്ങി.

തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് നേരിട്ടെത്തി ഡി.സി.സി നേതൃയോഗങ്ങളിലും പ്രാദേശിക നേതാക്കളുടെ യോഗങ്ങളിലും പങ്കെടുത്തു. ബൂത്തുകളില്‍ നേതാക്കള്‍ക്ക് ചുമതല നല്‍കി. സജീവമല്ലാതിരുന്ന ബൂത്തുകള്‍ പൊളിച്ചു പണിഞ്ഞു. എല്ലാം സൂക്ഷ്മമായി ഏകോപിപ്പിച്ചു. ഫലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴേക്കും യു.ഡി.എഫിന്റെ സംഘടനാ സംവിധാനം പുതുപ്പള്ളിയില്‍ കുറ്റമറ്റതായിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയില്‍ ക്യാമ്പ് ചെയ്തു. എല്ലാ ദിവസവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ചില ദിവസങ്ങളില്‍ മൂന്നു തവണ വരെ വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലെത്തി.

കാണേണ്ടവരെ നേരിട്ട് കണ്ടു. ഒരിടത്തും യു.ഡി.എഫ് സംവിധാനം പിന്നോട്ട് പോകാതിരിക്കാനുള്ള സവിശേഷ ശ്രദ്ധവച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളില്‍ പതിവുള്ള ആളനക്കമില്ല. നേതാക്കളും പ്രവര്‍ത്തകരും എല്ലാവരും ഫീല്‍ഡില്‍. യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്താത്ത ഒരു വീട് പോലും മണ്ഡലത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു. യു.ഡി.എഫിന്റെ മൂന്ന് സ്‌ക്വാഡുകള്‍ പൂര്‍ത്തിയായപ്പോഴാണ് എല്‍.ഡി.എഫിന്റെ ഒരു സ്‌ക്വാഡ് കഴിഞ്ഞത്. ഓഗസ്റ്റ് എട്ടിനാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ഹൗസ് സ്‌ക്വാഡുകളും അവര്‍ കൊണ്ടു പോകേണ്ട മെറ്റീരിയലുകളും സംബന്ധിച്ച് ഓഗസ്റ്റ് 9-ന് ഉച്ചയ്ക്ക് തന്നെ തീരുമാനമായി. അത് രേഖാമൂലം താഴെത്തട്ടിലെ നേതാക്കള്‍ക്കെത്തിച്ചു. പറഞ്ഞ സമയത്ത് തന്നെ സ്‌ക്വാഡുകള്‍ പൂര്‍ത്തിയായെന്ന് ഉറപ്പ് വരുത്തി.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം സുഗമമാക്കാന്‍ പുതുപ്പള്ളി നിയമസഭ മണ്ഡലത്തിന്റെ ഇന്‍ ചാര്‍ജുമാരായി മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കെ.സി ജോസഫിനെയും നിയോഗിച്ചു. ഇത് കൂടാതെ കെ.പി.സി.സി ഭാരവാഹികളെയും എം.പിമാരെയും എം.എല്‍.എമാരെയും പഞ്ചായത്തുകളിലെ പ്രചരണച്ചുമതല ഏല്‍പ്പിച്ചു. ഒരു ഡി.സി.സിക്ക് ഒരു പഞ്ചായത്തിന്റെ ചുമതല നല്‍കുന്ന പുതിയ പരീക്ഷണവും ഇത്തവണ നടത്തി.

സാമുദായിക നേതൃത്വങ്ങളെ കൂട്ടിയിണക്കുന്നതിനും അവരെ യു.ഡി.എഫിനൊപ്പം നിര്‍ത്തുന്നതിനും പ്രത്യേക പദ്ധതികളുണ്ടായിരുന്നു. മാധ്യമ ശ്രദ്ധയില്‍ നിന്ന് മാറിയാണ് സാമുദായിക നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ പ്രതിപക്ഷ നേതാവിന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്നത്.

മണ്ഡലങ്ങളുടെ ചുമതലയുള്ള എല്ലാവരെയും പങ്കെടുപ്പിച്ച് ദിവസേന നാല് അവലോകന യോഗങ്ങള്‍. പുലര്‍ച്ചെയാണ് ഈ യോഗങ്ങള്‍ മിക്കതും അവസാനിക്കുന്നത്.

പുതുപ്പള്ളിയില്‍ 300 കുടുംബയോഗങ്ങള്‍ വരെ സംഘടിപ്പിച്ചു. ഒരു ദിവസം കുറഞ്ഞത് മൂന്ന് കുടുംബ യോഗങ്ങളില്‍ പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുത്തു. കുടുംബ സംഗമങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ പ്രത്യേകമായി ഓരോ ദിവസവും വിലയിരുത്തി.

എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി, വി.എം സുധീരന്‍, ശശി തരൂര്‍, കെ. മുരളീധരന്‍, പി.ജെ ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, എന്‍.കെ പ്രേമചന്ദ്രന്‍, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍ തുടങ്ങി കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതാക്കാള്‍ ഒരേ മനസോടെ ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയെ കുറിച്ച് സി.പി.എം പ്രദേശിക നേതൃത്വം ആരോപണം ഉന്നയിച്ച് തുടങ്ങിയപ്പോള്‍ തന്നെ അതിനെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിരോധിക്കുകയും സി.പി.എമ്മിലെ പ്രതിക്കൂട്ടിലാക്കുകയും. 2019 മുതലുള്ള ചികിത്സാ വിശദാംശങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പ്രതിപക്ഷ നേതാവ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത് (പത്രസമ്മേളനം 11-08-2023, കോട്ടയം). ജീവിച്ചിരുന്നപ്പോഴും മരിച്ചതിന് ശേഷവും പിണറായി വിജയനും സി.പി.എമ്മും ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും നീചമായി വേട്ടയാടുകയാണെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. ഇതോടെ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ യു.ഡി.എഫ് മേല്‍ക്കൈ നേടി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ മാത്രം കോര്‍ണര്‍ ചെയ്യുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് വികസന സംവാദത്തിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയ്ക്ക് സി. തോമസ് വെല്ലുവിളിച്ചത്. വെല്ലുവിളിയുമായി പിന്നാലെ സി.പി.എം നേതാക്കളുമെത്തി. സി.പി.എം തന്ത്രം മുന്‍കൂട്ടി മനസിലാക്കിയ പ്രതിപക്ഷ നേതാവ് വെല്ലുവിളി ഏറ്റെടുക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിന് വെല്ലുവളിക്കുകയും ചെയ്തു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയത് ഈ ഘട്ടത്തിലാണ്. ഇതോടെ സി.പി.എം വീണ്ടും പ്രതിരോധത്തിലായി.

തൃക്കാക്കരയിലേതു പോലെ മുഖ്യമന്ത്രിയും മന്ത്രിമാരും എന്തുകൊണ്ടാണ് മണ്ഡലത്തില്‍ എത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അടുത്തഘട്ടത്തില്‍ ഉന്നയിച്ചു. മുഖ്യമന്ത്രി ആദ്യമായി പുതുപ്പള്ളിയിലെത്തിയ ദിവസം, പ്രചരണ യോഗത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ഏഴ് ചോദ്യങ്ങള്‍ അക്കമിട്ട് ഉന്നയിച്ചു. ഈ ചോദ്യങ്ങള്‍ യു.ഡി.എഫ് നേതാക്കളും ഏറ്റെടുത്തു. മൂന്ന് ദിവസം മണ്ഡലത്തില്‍ ഉണ്ടായിട്ടും ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം നല്‍കിയില്ല.

അച്ചു ഉമ്മന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള സി.പി.എമ്മിന്റെ സൈബര്‍ ആക്രമണങ്ങളെ യു.ഡി.എഫിന് അനുകൂലമാക്കി വഴിതിരിച്ച് വിടുകയും ചെയ്തു. പോളിങ് ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടേതെന്ന് പറഞ്ഞ് സി.പി.എം പുറത്തിറക്കിയ ശബ്ദം സന്ദേശം മന്ത്രി വാസവന്‍ ആയുധമാക്കി. ഇത് വാസവനുണ്ടാക്കിയതാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.

തൃക്കാക്കരയിലേതു പോലെ തെരഞ്ഞെടുപ്പ് പ്രചരണ വിഷയങ്ങളുടെ അജണ്ട നിശ്ചയിച്ചത് യു.ഡി.എഫായിരുന്നു. പ്രചരണരംഗത്ത് മികച്ച ഒത്തിണക്കവും കൃത്യമായ ഏകോപനവും സംഘാടന ശേഷിയും യു.ഡി.എഫ് പ്രാവര്‍ത്തികമാക്കി. എല്ലാ തരത്തിലും സി.പി.എമ്മിനെ പിന്തള്ളുന്ന പ്രചരണ മികവ് യു.ഡി.എഫിനെ സംബന്ധിച്ചടുത്തോളം പതിവില്ലാത്തതാണ്. പതിവില്ലാത്ത കാര്യം പിഴവില്ലാത്ത വിധം പ്രവര്‍ത്തികമാക്കിയതാണ് തൃക്കാക്കരയിലും പുതുപ്പള്ളിയിലും യു.ഡി.എഫിന്റെ സ്വപ്ന നേട്ടത്തിന് കാരണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments