പങ്കാളിത്ത പെൻഷൻ പിൻവലിക്കില്ലെന്ന സൂചനയുമായി ബാലഗോപാൽ; ഭരണാനുകൂല സംഘടനയോട് “ലാൽസലാം” പറയാൻ ജീവനക്കാരും

വെളിച്ചം കാണാത്ത പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി റിപ്പോർട്ടിന് അകാലചരമം.

പങ്കാളിത്ത പെൻഷൻ പിൻവലിച്ച കോൺഗ്രസ്സ് സർക്കാർ മാതൃക പിന്തുടരാതെ ബിജെപി സർക്കാർ മാതൃകയിൽ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തൽ നിലപാടുമായി പിണറായി മുന്നോട്ട്.

സംസ്ഥാനത്തു നടപ്പിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് പഠിക്കാൻ നിയമിച്ച സമിതിയുടെ പഠന സമയത്ത് തന്നെ പദ്ധതിക്ക് പി എഫ് ആർ ഡി എ ആക്ടിലെ 12(4) ന് വിധേയമായി നിയമബലം ഉറപ്പാക്കാൻ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത് 2020ൽ.

PFRDA ആക്ട് പിൻവലിക്കാൻ കേന്ദ്രത്തിനെതിരെ സമരവുമായി സർക്കാർ അനുകൂല സംഘടനകൾ ഒരു വശത്ത് നീങ്ങുമ്പോൾ ആണ് അതെ പി എഫ് ആർ ഡി എ ആക്ടിലെ സെക്ഷൻ 12(4) പ്രകാരം സംസ്ഥാനത്തെ പദ്ധതിക്ക് നിയമ പരിരക്ഷ ലഭിക്കാൻ സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

കേരളത്തിലെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് രണ്ട് പ്രകടന പത്രികയിലും ഉറപ്പ് നൽകി അധികാരത്തിൽ വന്ന ഇടത് സർക്കാർ നയം മാറുന്നതിന്റെ സൂചന വീണ്ടും. പുനഃപരിശോധന സമിതി റിപ്പോർട്ട് വെളിച്ചം കാണിക്കണം എന്ന സർക്കാർ അനുകൂല സിപിഐ സംഘടനയുടെ വിവരാവകാശ അപേക്ഷയെ കോടതിയിൽ സർക്കാർ എതിർത്തു.

പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സംസ്ഥാന സർക്കാർ നയപരമായ തീരുമാനം എടുത്താൽ മതി എന്നും ഇത് സംബന്ധിച്ച് കരാറുകളിൽ ഒന്നും പ്രത്യേക വ്യവസ്ഥ ഇല്ല എന്നും ബാലഗോപാൽ നിയമസഭയിൽ ആവർത്തിക്കുമ്പോഴും കേരളത്തിലെ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനെതിരെ സിപിഎം സംഘടനകൾ സമരം നയിച്ചു .

റിപ്പോർട്ടിൽ സർക്കാർ തീരുമാനം എടുക്കാത്തതിനാൽ കേരളത്തിലെ ജീവനക്കാർക്ക് മാത്രം നഷ്ടമാകുന്നത് കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാന സർക്കാരുകളും അനുവദിച്ച ഉയർന്ന സർക്കാർ വിഹിതവും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും. കേരളത്തിലെ അഖിലേന്ത്യ ഉദ്യോഗസ്ഥർക്ക് ഉയർന്ന സർക്കാർ വിഹിതവും ഗ്രാറ്റുവിറ്റിയും ഉറപ്പാക്കാൻ 2020 ൽ സർക്കാർ പ്രത്യേകം ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സംസ്ഥാന ജീവനക്കാർക്ക് ആ അനുകൂല്യങ്ങൾ തത്കാലം അനുവദിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

പദ്ധതിയിൽ ഉൾപ്പെട്ടു മരിക്കുന്നവരുടെ കുടുംബത്തിന് ജീവനക്കാരന്റെ അവസാന ശമ്പളം 100% നൽകും എന്ന ഉമ്മൻചാണ്ടി മന്ത്രി സഭയുടെ 2012 ലെ തീരുമാനം പുനഃപരിശോധിച്ചു 30% ആക്കി കുറച്ച് ഉത്തരവ് ഇറക്കിയത് 2016 ഓഗസ്റ്റിൽ. കോൺഗ്രസ്സ് ഭരണത്തിലുള്ള രാജസ്ഥാൻ, ച്ഛത്തിസ്ഗഡ്, ഹിമാചൽ സർക്കാരുകൾ എല്ലാം തന്നെ പദ്ധതി പിൻവലിച്ചു കൊണ്ട് നയപരമായ തീരുമാനം കൈക്കൊണ്ടെങ്കിലും കേരളത്തിലെ ഇടത് സർക്കാർ അത്തരമൊരു നീക്കത്തിനു മുതിർന്നിട്ടില്ല.

സംസ്ഥാനത്തെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് പഠിച്ച സമിതി 2021 ഏപ്രിലിൽ നൽകിയ റിപ്പോർട്ട് “വിശദമായി പഠിച്ചു വരുന്ന” സർക്കാർ, പദ്ധതിയിൽ ചേരാൻ ജീവനക്കാർക്ക് അന്ത്യശാസനം നൽകി ഇന്നലെ പുതിയ ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചതോടെ പ്രകടന പത്രികയിലെ വാഗ്ദാനം ഇടതുപക്ഷം ഏറെക്കുറെ വിഴുങ്ങുമെന്ന് ഉറപ്പായി.

സെപ്റ്റംബർ 19 ന് മുൻപായി പദ്ധതിയിൽ ചേരണം എന്നും ഇനി ഒരു ഇളവ് ഉണ്ടാകില്ല എന്നും വ്യക്തമാക്കി സർക്കാരിന് വേണ്ടി സർക്കുലർ പുറത്തിറക്കി അഡീഷണൽ സെക്രട്ടറി. പദ്ധതി പിൻവലിക്കുന്നതിനായി സമർപ്പിക്കപ്പെട്ട റിപ്പോർട്ട് പഠിക്കുന്ന അതെ സമയത്ത് തന്നെ പദ്ധതിയിൽ ചേരുന്നതിന് ജീവനക്കാർക്ക് ഉഗ്രശാസനം നൽകിയതോടെ പുതിയ ന്യായീകരണ ക്യാപ്സൂളുകൾ കണ്ടെത്താനാകാതെ വെട്ടിലായിരിക്കുകയാണ് സർക്കാർ അനുകൂല സംഘടനകളും.

പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരാ യാണ എന്ന പിണറായി ശൈലിക്ക് ശക്തമായ തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ള 1.50 ലക്ഷം ജീവനക്കാർ . ഭരണാനുകൂല സംഘടനയിലെ അംഗത്വം ഉപേക്ഷിച്ച് പ്രതിഷേധിക്കാനാണ് ഇവരുടെ നീക്കം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments