തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിയമസഭയില്‍ സംഘടിപ്പിച്ച ഓണസദ്യ പാളി. പായസവും പഴവും മാത്രം കഴിച്ച് സ്പീക്കര്‍ക്ക് മടങ്ങേണ്ടി വന്നു. 20 മിനിട്ടോളം കാത്തിരുന്നിട്ടും ചോറ് കിട്ടാതായതോടെയാണ് ഷംസീറിന്റെ ഓണസദ്യ പായസത്തിലും പഴത്തിലും ഒതുങ്ങിയത്. (Onam Sadhya conducted by speaker AN Shamseer in niyamasabha)

ആദ്യമായാണ് നിയമസഭയില്‍ സര്‍ക്കാര്‍ ചെലവില്‍ ഓണസദ്യ ഒരുക്കിയത്. സാധാരണ ജീവനക്കാര്‍ പിരിവിട്ടായിരുന്നു ഓണാഘോഷ പരിപാടികള്‍ നടത്തിയിരുന്നത്. ഇത്തവണ നിയമസഭാ ജീവനക്കാര്‍ക്ക് ഓണസദ്യ ഒരുക്കാനായി ക്വട്ടേഷന്‍ ക്ഷണിക്കുകയായിരുന്നു. തിരുവനന്തപുരം കാട്ടാക്കട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സര്‍വ്വീസായിരുന്നു ക്വട്ടേഷന്‍ നേടിയത്.

എന്നാല്‍, 1300 പേര്‍ക്ക് സദ്യ ഒരുക്കുന്നതില്‍ പാളിച്ച വരികയായിരുന്നു. ആദ്യപന്തിയില്‍ 450 പേരോളം സദ്യ കഴിച്ചു. എന്നാല്‍ ശേഷമുള്ളവര്‍ക്ക് ആവശ്യത്തിന് സദ്യ കിട്ടാതെവരികയായിരുന്നു. ഈ സമയത്തായിരുന്നു സ്പീക്കറും മറ്റ് വി.ഐ.പികളും വന്നത്. എന്നാല്‍ ഇവര്‍ 20 മിനിട്ടോളം കാത്തിരുന്നിട്ട് പേരിന് കിട്ടിയ പായസവും പഴവും കഴിച്ച് മടങ്ങുകയായിരുന്നു. പിന്നീട് ജീവനക്കാരില്‍ പലരും സദ്യകഴിക്കാതെ പുറത്തുപോകുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഇത്തവണ പൗരപ്രമുഖര്‍ക്ക് ഓണസദ്യ ഒരുക്കുന്നുണ്ട്. പിണറായിക്ക് പിന്നാലെ ഷംസീറും നിയമസഭ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഓണ സദ്യ ഒരുക്കുന്നത് മലയാളം മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇ-നിയമസഭയുടെ ഭാഗമായി നിയമസഭയില്‍ ജോലി ചെയ്യുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസെറ്റിയുടെ ഉദ്യോഗസ്ഥരും ഓണസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

നിയമസഭയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ഓണ സദ്യ സംഘടിപ്പിച്ചത്. മുന്‍കാലങ്ങളില്‍ നിയമസഭയിലെ ജീവനക്കാരില്‍ നിന്ന് പിരിവെടുത്താണ് ഓണസദ്യ ഒരുക്കിയിരുന്നതെങ്കില്‍ ഇക്കുറി സര്‍ക്കാര്‍ ചെലവിലായിരുന്നു ഓണസദ്യ.

ഷംസീറിന്റെ ഓണസദ്യ പാളിയപ്പോള്‍ ഗണപതിയെ ഓര്‍ക്കുന്നവരാണ് കൂടുതലും. ഗണപതി പരാമര്‍ശം പിന്‍വലിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ഷംസീര്‍ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. ഷംസീറിന്റെ ഓണസദ്യ പാളിയത് ഗണപതി കോപമാണെന്നും ചിലര്‍ പറയുന്നു. പൗര പ്രമുഖന്‍മാര്‍ക്കായുള്ള പിണറായിയുടെ ഓണസദ്യ ഈ മാസം 26നാണ്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചാണ് ഓണ സദ്യ സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായിട്ടാണ് പിണറായിയുടെ വക ഓണസദ്യ . 500 പൗര പ്രമുഖര്‍ക്ക് ആണ് ക്ഷണം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫുകളും പാര്‍ട്ടി നേതാക്കളും കൂടിയാകുമ്പോള്‍ 1000 പേരിലേക്ക് എണ്ണം ഉയരുമെന്നാണ് സൂചന. 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിയമസഭയില്‍ വച്ചാണ് പരിപാടി എന്നതുകൊണ്ട് ഹാളിന് വാടക കൊടുക്കണ്ട. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കല്‍ ഉത്തരവുകള്‍ ധനവകുപ്പില്‍ നിന്ന് തുടരെ തുടരെ ഇറങ്ങുമ്പോഴാണ് മുഖ്യമന്ത്രിയുടെ വക ഓണസദ്യ എന്നതാണ് വിരോധാഭാസം.

സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് ബാലഗോപാല്‍. ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 10 ലക്ഷത്തില്‍നിന്ന് 5ലക്ഷം രൂപയാക്കി. 5 ലക്ഷത്തിനു മേല്‍ തുകയുടെ പ്രധാന ബില്ലുകള്‍ പാസാകണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം.