അയർലൻഡിനെതിരായ ആദ്യ ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് ജയം. മഴ നിയമപ്രകാരം രണ്ട് റൺസിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 7 വിക്കറ്റിന് 139 റൺസെടുത്തു. ബാരി മക്കാർത്തി നേടിയ അർദ്ധ സെഞ്ചുറിയാണ് അയർലൻഡിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 6.2 ഓവറിൽ 2 ന് 47 എന്ന നിലയിൽ നിൽക്കുമ്പോൾ മഴയെത്തി. 45 റൺസായിരുന്നു ഈ സമയത്ത് മഴനിയമപ്രകാരം ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത്. മത്സരം തുടരാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു.

ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ ആദ്യ ഓവറിൽ തന്നെ തിരിച്ചുവരവ് അറിയിച്ചു. ആൻഡ്രൂ ബാൽബിർനിയെ രണ്ടാം പന്തിലും ലോർക്കൻ ടക്കറെ അഞ്ചാം പന്തിലും ബുംറ പുറത്താക്കി. പിന്നാലെ ഐറീഷ് വിക്കറ്റുകൾ തുടർച്ചയായി വീണുകൊണ്ടേയിരുന്നു. ഒരു ഘട്ടത്തിൽ 6 ന് 59 എന്ന നിലയിൽ അയർലൻഡ് തകർന്നു.

ഏഴാം വിക്കറ്റിൽ കര്‍ടിസ് കാംഫറും ബാരി മക്കാർത്തിയും ഒന്നിച്ചതോടെ അയർലൻഡ് മുന്നോട്ട് നീങ്ങി. ഇരുവരും അയർലൻഡ് സ്കോർ 100 കടത്തി. കര്‍ടിസ് കാംഫർ 39 റൺസെടുത്ത് പുറത്തായി. ബാരി മക്കാർത്തി പുറത്താകാതെ 51 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ബുംറ, പ്രസീദ്, ബിഷ്ണോയി എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യ നന്നായി തുടങ്ങി. ഇന്ത്യൻ ഓപ്പണറുമാർ ആദ്യ വിക്കറ്റിൽ 46 റൺസെടുത്തു. ഏഴാം ഓവറിൽ ഇന്ത്യയ്ക്ക് അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ജയ്സ്വാൾ 24 റൺസെടുത്തും തിലക് വർമ്മ റൺസൊന്നും എടുക്കാതെയും പുറത്തായി. ഏഴാം ഓവർ പൂർത്തിയാകാൻ ഒരു പന്ത് ബാക്കി നിൽക്കെയാണ് മഴ എത്തിയത്.