ലഡാക്ക്: കാണികള്‍ക്കൊപ്പം തറയിലിരുന്ന് ഫുട്‌ബോള്‍ മത്സരം ആസ്വദിക്കുന്ന കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ലഡാക്കിലെ ലേയില്‍ നടന്ന ഫുട്‌ബോള്‍ മത്സരം കാണാനാണ് രാഹുല്‍ എത്തിയത്. കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കിയ രാഹുലിന് അരികിലിരുന്ന് സെല്‍ഫി എടുക്കാനും നിരവധി പേര്‍ എത്തി.

പ്രദേശത്തെ യുവാക്കളുമായി സംവദിക്കാനും രാഹുല്‍ സമയം കണ്ടെത്തി. ബിജെപിയെ കടന്നാക്രമിച്ച് പ്രസംഗിക്കുകയും ചെയ്തു രാഹുല്‍. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. സ്വന്തം ആളുകളെ എല്ലാ സ്ഥലത്തും പ്രതിഷ്ഠിക്കുകയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തിനു വേണ്ടിയാണോ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മന്ത്രിമാരെ കാണുകയാണെങ്കില്‍ ജനങ്ങള്‍ ചോദിക്കേണ്ടത്, രാഹുല്‍ പറഞ്ഞു.

അടുത്ത ദിവസം അദ്ദേഹം കാര്‍ഗില്‍ സ്മാരകം സന്ദര്‍ശിക്കും. മാത്രമല്ല തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനം ഓഗസ്റ്റ് 20 ന് ലഡാക്കിലെ പാംഗോങ് തടാകത്തില്‍ വെച്ച് ആഘോഷിക്കാനാണ് രാഹുലിന്റെ തീരുമാനം. ഓഗസ്റ്റ് 25 ന് നടക്കുന്ന 30 അംഗ ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലിലും രാഹുല്‍ പങ്കെടുക്കും.