അവിശ്വസനീയം….ഡിയഗോ കോസ്റ്റയെന്ന കാവൽക്കാരന്റെ അതിശയ മെയ്‍വഴക്കത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല.. മത്സരത്തിൽ അധികസമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തി, വിധിയെഴുതിയ കളിയിൽ സ്ലോവേനിയയുടെ ചെറുത്തുനിൽപിനെ 3-0ത്തിന് മറികടന്ന പോർചുഗൽ യൂറോകപ്പ് ക്വാർട്ടർ ഫൈനലിലേക്ക്.

ടൈബ്രേക്കറിൽ എതിരാളികളെടുത്ത മൂന്നു കിക്കുകളും തട്ടിയകറ്റി കോസ്റ്റ കാഴ്ചവെച്ച വിസ്മയപ്രകടനം നായകൻ ക്രിസ്റ്റ്യാനോക്ക് നൽകിയത് അതിരറ്റ ആഹ്ലാദം. ഗോൾശൂന്യമായ 90 മിനിറ്റിനുശേഷം കളി അധിക സമയത്തെത്തിയപ്പോൾ പോർചുഗലിന് ലഭിച്ച പെനാൽട്ടി കിക്ക് റൊണാൾഡോ പാഴാക്കിയിരുന്നു. എന്നാൽ ഷൂട്ടൗട്ടിൽ കോസ്റ്റ മൂന്നുവട്ടം പന്ത് പറന്നുപിടിച്ച് വിജയശിൽപിയാവുകയായിരുന്നു.

അധികസമയത്തേക്കു നീണ്ട കളിയുടെ 103-ാം മിനിറ്റിലാണ് ക്രിസ്റ്റ്യനോ പെനാൽറ്റി പാഴാക്കിയത്. പന്തുമായി ബോക്സിൽ ഡ്രിബ്ൾ ചെയ്തു കയറിയ ഡിയഗോ ജോട്ടയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി എടുക്കാൻ നായകൻ ക്രിസ്റ്റ്യാനോയാണ് നെഞ്ചുവിരിച്ചെത്തിയത്. കഴിഞ്ഞ കുറേ കളികളിൽ സ്​പോട്ട് കിക്കുകളൊന്നും പാഴാക്കിയിട്ടില്ലാത്ത ക്രിസ്റ്റ്യാനോ തൊടുത്ത പെനാൽറ്റി കിക്കിനെ തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റിയയത് ഗാലറി അവിശ്വസനീയതയോടെ നോക്കിക്കണ്ടു. കണ്ണീരിൽ കുതിർന്ന റൊണാൾഡോയെയാണ് അധിക സമയത്തിന്റെ ഇടവേളയിൽ കാമറക്കണ്ണുകളിൽ കണ്ടത്.

ഷൂട്ടൗട്ടിൽ സ്​ലോവേനിയയാണ് തുടങ്ങിയത്. ജോസിപ് ഇലിസിച്ചിന്റെ ആദ്യകിക്ക് തടഞ്ഞ് കോസ്റ്റ ​പോർചുഗലിന് പ്രതീക്ഷ നൽകി. പറങ്കികളുടെ ആദ്യകിക്കെടുക്കാൻ റൊണാൾഡോ തന്നെയെത്തി. ഇക്കുറി നായകന് തെറ്റിയില്ല. ജൂറെ ബാൽകോവിച്ച് എടുത്ത സ്ലോവേനിയയുടെ രണ്ടാം കിക്കും തടഞ്ഞ് കോസ്റ്റ വീണ്ടും കരുത്തുകാട്ടി.

ബ്രൂണോ ഫെർണാണ്ടസ് അനായാസം വല കുലുക്കിയതോടെ പോർചുഗലിന് രണ്ടു ഗോളിന്റെ മുൻതൂക്കം. സ്​ലോവേനിയയുടെ മൂന്നാം കിക്കും അപാരമായ മെയ്‍വഴക്കത്തോടെ കോസ്റ്റ തട്ടിയകറ്റി. ബെർണാർഡോ സിൽവയെടുത്ത മൂന്നാം കിക്ക് വല കുലുക്കിയതോടെ പോർചുഗൽ ക്വാർട്ടറിലേക്ക്.

ഈമാസം ആറിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഫ്രാൻസാണ് പോർചുഗലിന്റെ എതിരാളികൾ. കിലിയൻ എംബാപ്പെയും റൊണാൾഡോയും നായകരായി നേർക്കുനേർ അണിനിരക്കും.