കലാഭവന്‍ മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12 ല്‍ കൂടുതല്‍ ബിയര്‍: Kalabhavan Maniയുടെ മരണത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്ന കലാകാരനായിരുന്നു കാലാഭവന്‍ മണി. 2016 മാര്‍ച്ച് ആറിന് അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വിയോഗം കേരളമാകെ ഞെട്ടലോടെയാണ് കേട്ടത്. ചാലക്കുടി പുഴയുടെ തീരത്ത് പാഡിയില്‍ അതിരാവിലെ രക്തം ഛര്‍ദ്ദിച്ച് അവശനായ കലാഭവന്‍ മണി എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.

അവസാന നിമിഷങ്ങളിലും തന്റെ സുഹൃത്തക്കളോടൊപ്പം ആഘോഷങ്ങളില്‍ സജീവമായിരുന്ന കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം തന്നെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഈ സംഘത്തിലെ അംഗമായിരുന്നു ഉണ്ണിരാജന്‍ ഐപിഎസ്. അദ്ദേഹം കലാഭവന്‍ മണിയുടെ മരണദിവസത്തെ കുറിച്ച് സഫാരി ടിവിയില്‍ സംസാരിച്ചിരുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ:

Unnirajan IPS

‘കലാഭവന്‍ മണിയുടെ മരണം അന്വേഷിച്ച ടീമില്‍ എന്നേയും (ഉണ്ണിരാജന്‍ ഐ.പി.എസ്) ഉള്‍പ്പെടുത്തിയിരുന്നു. ഇന്നത്തെ എഡിജിപി അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല. 5-3-2016 ലാണ് മണിയെ പുലര്‍ച്ചെ രക്തം ഛര്‍ദ്ദിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. ആദ്യം ചാലക്കുടി ആശുപത്രിയിലും പിന്നീട് അമൃത ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചാലക്കുടി പുഴയുടെ തീരത്ത് കലാഭവന്‍ മണിക്ക് ഒരു പാഡിയുണ്ട്.

മണി അവിടെയുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളൊക്കെ അവിടെയുണ്ടാകും. മണിയെ കാണാന്‍ വേണ്ടി നാലാം തിയതി വൈകീട്ട് ഇടുക്കി ജാഫര്‍, തരികിട സാബു, നാദിര്‍ഷാ ഇവരൊക്കെ അവിടെ എത്തിയിട്ടുണ്ട്. മണിയുടെ നാട്ടിലുള്ള സുഹൃത്തുക്കള്‍ പുറത്തിരുന്ന് ചീട്ട് കളിക്കുന്നുണ്ട്. ബീഫ് മേടിച്ച് കൊണ്ട് വന്ന് ബീഫുണ്ടാക്കുന്നുണ്ട്. രണ്ട് ബോട്ടില്‍ മദ്യം വാങ്ങിച്ചിട്ടുണ്ട്. മണി തന്നെ എട്ടോ പത്തോ ബോട്ടില്‍ ബിയര്‍ വാങ്ങി വെച്ചിട്ടുണ്ട്.

മണി ബിയര്‍ മാത്രമെ കഴിച്ചിട്ടുള്ളൂ. പിന്നെ സോഫ്റ്റ് ഡ്രിങ്ക്സുമാണ് ഉപയോഗിക്കുന്നത്. മണിയുടെ ശരീരം ശോഷിച്ച് തുടങ്ങിയിട്ടുുണ്ട്. ഡയബറ്റിക് ആണ് മണി. ഇന്‍സുലിനും മെഡിസിനുമൊക്കെ എടുക്കുന്നുണ്ട്. ഇടുക്കി ജാഫറും സാബുവും തിരിച്ച് പോകുന്നത് രാത്രി വളരെ വൈകിയാണ്. മണിയും സുഹൃത്തുക്കളും കൂടി രാത്രിയിലെ ഭക്ഷണം, അത്താഴം കഴിക്കുന്നത് അര്‍ധരാത്രി 1.50 നാണ്. അതൊക്കെ കഴിച്ച് മണി കിടന്നു.

5.40 ന് മണി എഴുന്നേറ്റിട്ടുണ്ട്. എന്നിട്ട് ബിയര്‍ പൊട്ടിച്ച് ബിയര്‍ കുടിച്ചു. അതിന് ശേഷം മണി കിടന്ന റൂമില്‍ നിന്ന് പാഡിയില്‍ കിടക്കുന്ന മണിയുടെ സുഹൃത്തുക്കളേയും സഹായികളേയും കെട്ടിപിടിച്ച് കിടന്നുറങ്ങുകയാണ്. ഏഴ് മണിയോട് കൂടി വീണ്ടും മണി റൂമിലേക്ക് പോകുന്നു. മണിയുടെ ഇന്‍സുലിന്‍ എടുക്കുന്നത് ഒരു സുഹൃത്താണ്. അദ്ദേഹം അങ്ങോട്ട് ചെല്ലുമ്പോള്‍ അവര്‍ കാണുന്നത് രക്തം ഛര്‍ദ്ദിക്കുന്നതാണ്.

വാഷ് ബേസിനിലേക്ക് രക്തം ഛര്‍ദ്ദിച്ച് കൊണ്ട് വാഷ് ബേസിന് പുറത്തേക്ക് പോയ രക്തം കൈകൊണ്ട് മാറ്റിയിട്ട് വെള്ളം ഉപയോഗിച്ച് കഴുകി കളയുന്നതാണ്. അപ്പോള്‍ സഹായി മണിയേട്ടാ ഇത് ബുദ്ധിമുട്ടാണല്ലോ നമുക്ക് വേഗം ഹോസ്പിറ്റലില്‍ പോകാം എന്നാണ് പറയുന്നത്. അപ്പോള്‍ മണി പറയുന്നത് സാരമില്ല, ഇത് തൊണ്ട പൊട്ടിയിട്ടാകാം എന്നാണ് പറയുന്നത്. കുടിക്കാന്‍ സോഫ്റ്റ് ഡ്രിങ്ക്സ് വേണമെന്ന് പറഞ്ഞപ്പോള്‍ അത് കൊടുത്തു.

അത് കൊടുക്കാന്‍ വേണ്ടി വരുമ്പോള്‍ മണി വീണ്ടും ഛര്‍ദ്ദിക്കുകയാണ്. ഇത് കണ്ട സഹായി മണിയോട് പറഞ്ഞു ഇത് ശരിയാകില്ല പെട്ടെന്ന് റെഡിയാകണം എന്ന്. മണി ഒന്നും മിണ്ടാതെ സോഫ്റ്റ് ഡ്രിങ്ക്സ് കഴിച്ചിട്ട് കിടന്നു. സഹായി മറ്റ് സുഹൃത്തുക്കളെ വിളിച്ചിട്ട് വന്നു. മണിയുടെ മാനേജര്‍ ജോബിയാണ്. ജോബിയെ വിളിച്ച് വരുത്തി. ജോബി വന്നു നേരെ സഫ ഹോസ്പിറ്റലില്‍ പോയി. അവിടെ വന്ന് ടാബ്ലറ്റ് കൊടുത്തപ്പോള്‍ അത് മണി ഛര്‍ദ്ദിച്ചു.

അപ്പോഴേക്കും മണിയുടെ സുഹൃത്തായ ആലപ്പുഴയിലെ ഒരു സൈക്യാട്രിസ്റ്റ് ഉണ്ട്. അദ്ദേഹം എത്തി. എല്ലാവരും കൂടി നിര്‍ബന്ധിച്ച് മണിയെ അമൃത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിക്കാണ് മണിയുടെ വീട്. മണിയുടെ ബ്രദര്‍ രാമകൃഷ്ണന്റെ വീടും ആ വഴിക്കാണ്. പക്ഷെ മണിക്ക് സുഹൃത്തുക്കളുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്. അങ്ങനെയാണ് മണി അവരെ ട്രീറ്റ് ചെയ്യുന്നത്. തിരിച്ചും അങ്ങനെയാണ്.

പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള വ്യഗ്രത കൊണ്ടായിരിക്കണം വീട്ടിലൊന്നും അറിയിക്കാതെ അമൃത ആശുപത്രിയില്‍ എത്തിച്ചു. വൈകീട്ട് അഞ്ചരക്കെങ്ങാനും അമൃതയില്‍ എത്തിയിട്ടുണ്ട്. അവിടെ വെച്ച് മണിയുടെ ടെസ്റ്റുകളെല്ലാം നടത്തി. ആറാം തിയതിയാണ് മണിയുടെ ചികിത്സ ആരംഭിക്കുന്നത്. മണി ബോധവാനായിരുന്നു. സിസ്റ്റര്‍ വന്നപ്പോള്‍ മണി സംസാരിക്കുന്നുണ്ട്. സിസ്റ്ററോട് എന്തൊക്കയോ തമാശയൊക്കെ പറയുന്നുണ്ട്.

പക്ഷെ ട്രീറ്റ്മെന്റിലിരിക്കെ മണിയുടെ ബിപി താഴേക്ക് പോയി. ആറാം തിയതി വൈകീട്ട് മണി മരണപ്പെട്ടു. അത് എല്ലാവര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്തയായിരുന്നു. മണിയുടെ മരണത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി ചാലക്കുടിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അതിന്റെ പോസ്റ്റുമോര്‍ട്ടം തൃശൂര്‍ വെച്ച് നടത്തി’.

ഇതില്‍ നിന്നു മനസ്സിലാകുന്നത് മണി തന്റെ അസുഖം അവഗണിച്ചു എന്നാണ്. മറ്റുള്ളവര്‍ പറഞ്ഞിട്ടും മണി അതിനെ കാര്യമായി ഗൗനിച്ചില്ല എന്നു കരുതേണ്ടിയിരിക്കുന്നു. മണിയുടെ കൂടെയുണ്ടായിരുന്ന സന്തസഹചാരിയും കൂട്ടുകാരനുമായ ഒരാള്‍ക്ക് ലിവറിന് അസുഖം വന്നപ്പോള്‍ അദ്ദേഹത്തിന് 10 ലക്ഷം രൂപ കൊടുത്ത് സഹായിച്ചതും മണിയാണ്. പക്ഷേ മണിയുടെ കാര്യത്തില്‍ ആ എഫര്‍ട്ട് മണി എടുത്തില്ല. മണിയുടെ സഹോദരനായ രാമകൃഷ്ണന് അന്വേഷണത്തില്‍ ചില സംശയങ്ങള്‍ പറഞ്ഞതുകൊണ്ട് കേസ് സിബിഐയ്ക്കു വിട്ടു. പക്ഷേ മണിയുടെ മരണകാരണം ലിവര്‍ സിറോസിസ് ആയിരുന്നു. മണി ഒരു ലിവര്‍ സിറോസിസ് രോഗി ആയിരുന്നു. ലിവര്‍ പൊട്ടിയിട്ട് കഴുത്തിലുള്ള നേര്‍വ്‌സിന് പലപ്പോഴും ബാന്‍ഡിങ് നടത്തേണ്ടി വന്നിട്ടുണ്ട്. മണി പലപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നില്ല.

മണി രക്തം ഛര്‍ദിക്കുമായിരുന്നെങ്കിലും ബിയര്‍ കഴിക്കുമായിരുന്നു. രക്തം ഛര്‍ദിക്കുന്നത് ലിവര്‍ സിറോസിസിന്റെ ലക്ഷണമാണ്. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയര്‍ ആണ്. മരിക്കുന്നതിന്റെ തലേദിവസമായ 4-ാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് 5-ാം തീയതിയും മണി ബിയര്‍ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബിയര്‍ കുടിച്ചിട്ടുണ്ടാകും. സാധാരണ ആളുകളൊക്കെ പറയും മൂത്രം പോകാനും മറ്റുമൊക്കെ ബിയര്‍ കുടിക്കുന്നത് നല്ലതാണെന്ന്. മണി ഉപയോഗിച്ചിരുന്ന ബിയര്‍ കുപ്പിയും മറ്റു ബാറില്‍ നിന്നും എടുത്ത ബിയര്‍ കുപ്പിയും കെമിക്കല്‍ അനാലിസിസിന് അയയ്ക്കുകയും ഈ ബിയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുകയും െചയ്തിട്ടുണ്ട്.

ബിയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ ചെറിയ ഒരംശം ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ ഒരുപാട് ബിയര്‍ കഴിക്കുമ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് നമ്മുടെയുള്ളില്‍ കൂടുകയാണ് ചെയ്യുന്നത്. മണിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച് മണി ഒരു ലിവര്‍ സിറോസിസ് രോഗി ആകുമ്പോള്‍ ഇത് പെട്ടെന്ന് ട്രിഗര്‍ ചെയ്യും. മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബിയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ്. തനിക്ക് ലിവര്‍ സിറോസിസ് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും മണി ഇതിന് അഡിക്റ്റ് ആയതുകൊണ്ടാണോ എന്നറിയില്ല, അദ്ദേഹം കൂടുതലായി കഴിച്ചിരുന്നത് ബിയറായിരുന്നു. അത് അറിയാതെയാണെങ്കിലും മരണം വിലകൊടുത്തു മേടിക്കുന്നതിനു തുല്യമായിരുന്നു അത്.

അന്വേഷണമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ട് പിന്നീട് കേസന്വേഷിച്ചത് സിബിഐ ആയിരുന്നു. എന്നാല്‍ സിബിഐയും ഈ ഒരു കണ്‍ക്ലൂഷനിലേക്കാണ് എത്തിയത്. കാരണം ഞങ്ങളുടെ ഇന്‍വെസ്റ്റിഗേഷന്‍ വളരെ മെറ്റിക്കുലസ് ആയിരുന്നു. മണി എന്നു പറയുന്ന കലാകാരനോടുണ്ടായിരുന്ന എല്ലാ പ്രതിബദ്ധതയും എല്ലാ സ്‌നേഹബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ മണിയുടെ മരണത്തിന്റെ കാരണം കണ്ടുപിടിക്കണം എന്നുള്ള ത്വരയോടു കൂടി തന്നെയാണ് ഞങ്ങളുടെ ടീം നന്നായി അന്വേഷിച്ചത്. ചുരുക്കി പറഞ്ഞാല്‍ വിലകൊടുത്തു മേടിച്ച മരണം ആയിപ്പോയി നല്ലൊരു കലാകാരന് സംഭവിച്ചത് എന്നുള്ള കാര്യത്തില്‍ സംശയമില്ല.”- പി.എന്‍. ഉണ്ണിരാജന്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments