തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമല വിജയന്റെയും ചികില്‍സക്കായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 75 ലക്ഷം രൂപ. ഇരുവരുടെയും ചികില്‍സ ചെലവിന് 2021 മെയ് മാസത്തിനു ശേഷം ഖജനാവില്‍ നിന്ന് നല്‍കിയതാണ് 75 ലക്ഷം.

അമേരിക്കയിലെ മയോ ക്ലിനിക്കിലെ മുഖ്യമന്ത്രിയുടെ രണ്ടുപ്രാവശ്യത്തെ ചികില്‍സക്കുമാത്രം ചെലവായത് 72,09,482 രൂപയാണ്. 2022 ജനുവരി 11 മുതല്‍ 27 വരെയുള്ള മയോ ക്ലിനിക്കിലെ ചികില്‍സക്ക് 29,82,039 രൂപയും 2022 ഏപ്രില്‍ 26 മുതല്‍ മെയ് 9 വരെയുള്ള മയോ ക്ലിനിക്കിലെ ചികില്‍സക്ക് 42,27,443 രൂപയുമാണ് ചെലവായത്.

മയോ ക്ലിനിക്കില്‍ ചെലവായ തുക അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് പൊതുഭരണ വകുപ്പില്‍ നിന്ന് മുഖ്യമന്ത്രിക്ക് തുക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവാണ് മലയാളം മീഡിയ ലൈവ് പുറത്തുവിടുന്നത്. മയോ ക്ലിനിക്കിലെ മൂന്നാമത്തെ പ്രാവശ്യത്തെ ചികില്‍സ ചെലവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉടന്‍ കത്ത് നല്‍കും.

മൂന്നാമത്തെ ചികിത്സയുടെ ചെലവ് കൂടിയാകുമ്പോള്‍ മയോ ക്ലിനിക്കിലെ ചികില്‍സക്ക് മാത്രം 1.25 കോടി ചെലവാകും. ഭാര്യ കമല, പി.എ.സുനിഷ് എന്നിവര്‍ മുഖ്യമന്ത്രിയെ അമേരിക്കന്‍ ചികില്‍സ യാത്രയില്‍ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും പി.എയുടേയും മൂന്ന് തവണത്തെ വിമാനയാത്ര ടിക്കറ്റ്, താമസം, ഭക്ഷണം, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ കൂടി കണക്കാക്കുമ്പോള്‍ ചെലവ് 2 കോടി കടക്കും.

2021 മെയ് മാസത്തിനുശേഷം പിണറായിയുടേയും ഭാര്യ കമലയുടേയും ചികില്‍സക്ക് ലെജിസ്ലേറ്റേഴ്‌സ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചെലവായത് 2,89,950 രൂപ. ഇരുവര്‍ക്കും ചെലവായ തുക അനുവദിച്ചു പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ കമലയുടെ ചികില്‍സയും സൗജന്യമാണ്.

തുടര്‍ഭരണം ലഭിച്ചപ്പോള്‍ ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് കോടികള്‍ മുഖ്യമന്ത്രിക്ക് ചികില്‍സക്കായി നല്‍കിയെങ്കിലും മുഖ്യമന്ത്രിയുടെ ചികിത്സ എന്തിനായിരുന്നെന്ന വിവരം പുറത്തു വിട്ടിട്ടില്ല. മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ഏത് അസുഖത്തിന് ചികില്‍സ തേടിയതെന്ന് വിവരവകാശ ചോദ്യത്തിന് എന്താണ് രോഗം എന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വക മറുപടി.

കെ.പി.സി.സി. സെക്രട്ടറി അഡ്വ. സി.ആര്‍. പ്രാണകുമാറാണ് മുഖ്യമന്ത്രിയുടെ അസുഖം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരവകാശ ചോദ്യം ഉന്നയിച്ചത്. നാഴികക്ക് നാല്‍പത് വട്ടം ആരോഗ്യ കേരളം നമ്പര്‍ വണ്‍ എന്ന് ആവര്‍ത്തിക്കുന്ന ആളാണ് മുഖ്യമന്ത്രി. ആരോഗ്യത്തില്‍ രാജ്യത്ത് നമ്പര്‍ എന്നുവിളിച്ചു പറയുകയും സ്വന്തം ആരോഗ്യകാര്യം വരുമ്പോള്‍ അമേരിക്കയിലേക്ക് പറക്കുകയും ചെയ്യുന്ന വൈരുദ്ധ്യാമക ഭൗതീക വാദമാണ് പിണറായി പയറ്റുന്നത്.

പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് അസുഖ ബാധിതനായപ്പോള്‍ ആശ്രയിച്ചത് ഡല്‍ഹിയിലെ എയിംസ് ഹോസ്പിറ്റലിനെയായിരുന്നു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പുരപ്പുറത്ത് കേറി നിന്ന് പ്രസംഗിക്കുമ്പോഴും അസുഖം വന്നാല്‍ പിണറായി പറക്കുന്നത് അമേരിക്കയിലേക്കാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.