ബീഹാര്‍: മൊബൈല്‍ മോഷണം നടത്തിയെന്നാരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സമസ്തിപൂരിലായിരുന്നു സംഭവം നടന്നത്. സിദ്ധാര്‍ഥ് കുമാറെന്ന യുവാവാണ് ആക്രമണത്തിനിരയായത്. ബീഹാറിലെ സമസ്തിപൂരിലുള്ള വീട്ടില്‍ നിന്ന് സോനു കുമാറിന്റെ മൊബൈല്‍ മോഷ്ടിച്ചെന്നായിരുന്നു സിദ്ധാര്‍ഥ് കുമാറിനെതിരെയുള്ള ആരോപണം.
എന്നാല്‍ താന്‍ ചെയ്തിട്ടില്ലായെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ലായെന്നും സോനുവും സുഹൃത്തായ ഗുലാബും ചേര്‍ന്നാണ് സിദ്ധാര്‍ത്ഥിനെ മരത്തില്‍ കെട്ടിയിടുകയും വടികൊണ്ട് മര്‍ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇവര്‍ അടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിയെത്തുകയും സിദ്ധാര്‍ത്ഥിനെ രക്ഷിച്ച് വീട്ടിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്ത് സോനുവിനെയും ഗുലാബിനെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം, സംസ്ഥാന തലസ്ഥാനമായ പട്നയിലെ ട്രാന്‍സ്ഫോര്‍മര്‍ റിപ്പയര്‍ ഷോപ്പില്‍ മോഷണം ആരോപിച്ച് രണ്ട് യുവാക്കളെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നിരുന്നു. രോഹിത് ഷായും രാകേഷ് റായിയും ആണ് അന്ന് കൊല്ലപ്പെട്ടത്.