ബിഹാറി സാരിയുടുത്ത് ബിഹാറിന് കൈനിറയെ നല്‍കി നിര്‍മല സീതാരാമൻ

nirmala sitharaman, nithish kumar and Narendra modi

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ ബിഹാറിന് കൈനിറയെ പ്രഖ്യാപനവുമായി ബിഹാർ സ്നേഹം ബജറ്റിൽ തുടർച്ചയാക്കി കേന്ദ്രസർക്കാർ. ധനമന്ത്രി നിർമ്മല സീതാരാമൻ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയായി മാറിയ അവരുടെ എട്ടാമത്തെ ബജറ്റിൽ സഭയിലെത്തിയത് ബിഹാറിൽ നിന്നുള്ള മധുബനി സാരിയുടുത്താണ്. ആ കരുതലും സ്നേഹവും ബജറ്റിലെ പ്രഖ്യാപനങ്ങളിൽ ബിഹാറിനോട് ധനമന്ത്രി കാണിച്ചു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ ജനങ്ങളെ ഒപ്പം നിർത്താൻ ബിഹാറിന് വൻ പ്രഖ്യാപനങ്ങളാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്.

നിതീഷ് കുമാറിൻ്റെ ജെഡിയുവിനെ എൻഡിഎയിൽ ഉറപ്പിച്ചു നിർത്താനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി-ജെഡിയു സഖ്യത്തിന് വിജയിക്കാനും കളമൊരുക്കുകയാണ് ബജറ്റിലെ പ്രഖ്യാപനങ്ങളിലൂടെ നിർമ്മല. കഴിഞ്ഞ വർഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാത്തതിനാൽ പിന്തുണച്ച് നിർത്തിയ ജെഡിയു മറുകണ്ടം ചാടാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണ് ബജറ്റിലെ കരുതൽ.

പ്രോട്ടീൻ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാൻ ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കുമെന്നാണ് ഇന്നത്തെ ബജറ്റിലെ ബിഹാറിനുള്ള ആദ്യ പ്രധാന പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്ന പേരിലറിയപ്പെടുന്ന താമരവിത്ത്. ലോകത്തിലെ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്ന ബിഹാർ മഖാനയ്ക്കായി പ്രത്യേക ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഈ ആവശ്യം മോദിസർക്കാർ ബജറ്റിലൂടെ അംഗീകരിച്ചതിൻ്റെ ബാക്കിപത്രമാണ് മഖാന ബോർഡ്.

ഐഐടി പട്ന വികസിപ്പിക്കുമെന്നും ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്നും കേന്ദ്രബജറ്റ് 2025 പറയുന്നു. ബിഹാറിന് ഗ്രീൻഫീൽഡ് എയർപോർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ. മിഥിലാഞ്ചൽ മേഖലയിൽ കനാൽ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനം സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പിന് കടക്കുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ബിഹാറിന് വലിയ സമ്മാനങ്ങൾ ബജറ്റിലൂടെ കേന്ദ്രസർക്കാർ നൽകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിൻ്റെ ജെഡിയുവിനേക്കാൾ സീറ്റ് നേടിയ ബിജെപി ഒറ്റയ്ക്ക് ബിഹാർ പിടിക്കാനുള്ള മോഹവും കൊണ്ടുനടക്കുന്നുണ്ട്. രാഷ്ട്രീയ ഭിന്നതകൾക്കിടയിൽ നിരവധി അട്ടിമറികളും ചാട്ടവും കുതികാൽവെട്ടും നടത്തിയ നിതീഷ് കുമാർ മുഖ്യമന്ത്രിക്കസേരയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞ കുറി ബിജെപിയ്‌ക്കൊപ്പം നിന്നത് ഇന്ത്യ സഖ്യത്തെ അട്ടിമറിച്ചാണ്.

മറ്റൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ബിഹാർ ഒരുങ്ങുമ്പോൾ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ നേടിയ കുമാറിൻ്റെ ജെഡിയു ബിജെപിക്ക് രാജ്യത്ത് ഭൂരിപക്ഷം കുറഞ്ഞതിനെ തുടർന്ന് ശക്തിയാർജ്ജിക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ ജെഡിയുവിൻ്റെയും എൻ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയുടെയും പിന്തുണ ബിജെപിയ്ക്ക് അത്യാവശ്യമായതിനാൽ എൻഡിഎ മുന്നണിയിൽ കിംഗ്മേക്കറായ ഇരുവരും കരുത്തരാണ്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ ഭരണകക്ഷിയായ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ നിതീഷ് കുമാർ ബിഹാറിൽ വീണ്ടും പല രാഷ്ട്രീയ കളികൾക്കും കോപ്പുകൂട്ടുകയാണ്.”

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments