കെ.വി തോമസുമായി അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് വേണു രാജാമണിയുടെ കസേര തെറിച്ചു. ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ വേണു രാജാമണിയുടെ കാലാവധി 2023 സെപ്റ്റംബർ 16 ന് അവസാനിക്കും.
2023 സെപ്റ്റംബർ 30 വരെ വേണു രാജാമണിയുടെ കാലാവധി നീട്ടി പൊതു ഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്. സെപ്റ്റംബർ 30 ന് വേണു രാജാമണി പണി നിർത്തുന്നു എന്ന് വ്യക്തം. എം. അജ്ഞന ഐ എ എസ് ആണ് ഈ മാസം 5 ന് വേണു രാജാമണിയുടെ കാലാവധി ഈ മാസം 30 വരെ നീട്ടി ഉത്തരവ് ഇറക്കിയത്. 2021 സെപ്റ്റം ബറിലാണ് വേണു രാജാമണിയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
ചീഫ് സെക്രട്ടറിയുടെ റാങ്കിൽ ആയിരുന്നു നിയമനം.ശമ്പളം വേണ്ട ഓണറേറിയം മതി എന്നാണ് വേണു രാജാമണി പിണറായിയോട് പറഞ്ഞത്. ശമ്പളം ആവശ്യപ്പെട്ടാൽ പെൻഷൻ കിട്ടത്തില്ല. ഒന്നര ലക്ഷം രൂപ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ശമ്പളം വാങ്ങിയാൽ നഷ്ടപ്പെടും. അതുകൊണ്ടാണ് ഓണറേറിയം മതി എന്ന് വേണു രാജാമണി നിലപാട് എടുത്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണ്ടി വിദേശയാത്രകൾ സംഘടിപ്പിക്കുക, മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബങ്ങളെ വിദേശ സന്ദർശനത്തിന് ഒപ്പം കൊണ്ട് പോകുക ഇത്യാദി കലാപരിപാടികളുമായി വേണു രാജാമണി ഡൽഹിയിൽ കളം നിറഞ്ഞു.
15.46 ലക്ഷം രൂപ ഓണറേറിയം ആയി 2023 ജനുവരി വരെ വേണു രാജാമണിക്ക് ലഭിച്ചു. കൂടാതെ ടെലിഫോൺ ചാർജ് ആയി 36, 896 രൂപയും ഓഫിസ് ചെലവിനായി 73, 728 രൂപയും യാത്ര ബത്തയായി 3.11 ലക്ഷവും വേണു രാജാമണിക്ക് ലഭിച്ചു. ഇതിനിടയിൽ സർക്കാർ വാഹനത്തിൽ സഞ്ചരിച്ച് ഹരിയാനയിലെ ലോ കോളേജിൽ പ്രൊഫസർ പണിയും രാജാമണി എടുക്കുന്നുണ്ട്.ഇങ്ങനെ ഡൽഹിയിൽ മുടി ചൂഢാമന്നനായി വിലസുമ്പോഴാണ് കെ.വി തോമസിനെ കൂടി ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആയി പിണറായി നിയമിച്ചത്.
ഡൽഹിയിലെത്തിയ കെ.വി. തോമസ് കേരള ഹൗസിലെ വേണു രാജാമണിയുടെ ഓഫിസ് കയ്യേറി. അതോടെ ഓഫിസ് നഷ്ടപ്പെട്ട വേണു രാജാമണി കേരള ഹൗസിൽ വരാതെ ആയി. പിണറായി ഡൽഹിയിലെത്തുമ്പോൾ മുഖം കാണിക്കാൻ മാത്രമാണ് രാജാമണി എത്തുക. രാജാമണി ലക്ഷങ്ങൾ ഓണറേറിയം കൈപറ്റിയത് നിയമസഭ മറുപടിയായി പിണറായി വ്യക്തമാക്കിയതും രാജാമണിയെ ചൊടിപ്പിച്ചു.
ശമ്പളം വാങ്ങിക്കാതെ ലക്ഷങ്ങൾ ഓണറേറിയം പറ്റിയ വേണു രാജാമണിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വിനു വി ജോൺ ചർച്ച ചെയ്തു. ഓണറേറിയം രാജാക്കൻമാർ നടത്തുന്ന ഖജനാവ് തട്ടിപ്പിനെ കുറിച്ച് മാധ്യമ പ്രവർത്തകൻ റോയ് മാത്യു ചർച്ചയിൽ തുറന്നടിച്ചു. ആകെ നാണം കെട്ട വേണു രാജാമണി പടിയിറങ്ങാൻ തീരുമാനിച്ചു. കെ.വി തോമസ് എത്തിയതോടെ സർക്കാർ പരിപാടികളിൽ വേണു രാജാമണിയെ അടുപ്പിക്കാതെ ആയി. കെ.വി. തോമസുമായി ഒരു തരത്തിലും ചേർന്ന് പ്രവർത്തിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഓണറേറിയം കസേര ഉപേക്ഷിക്കാൻ വേണു രാജാമണി തീരുമാനിച്ചത്.