ജോസ് കെ മാണിയെയും മന്ത്രി റോഷി അഗസ്റ്റിനെയും സമ്മർദ്ദത്തിലാക്കി കേരള കോൺഗ്രസ് (എം) അണികളുടെ മുന്നണി മാറ്റ മുറവിളി. പാർട്ടിക്കുള്ളിലും പുറത്തും ഇതുസംബന്ധിച്ച ചർച്ചകൾ ഉയരുന്നതിന് കൃത്യമായ മറുപടി പറയുക എന്ന വെല്ലുവിളിയാണ് മുതിർന്ന നേതാക്കൾക്ക് മുന്നിലുള്ളത്. പരസ്യമായി നിഷേധിക്കുന്നുണ്ടെങ്കിലും പാർട്ടിയിൽ സ്വാധീനമുള്ള സഭാവിഭാഗങ്ങളിൽനിന്നും മുന്നണിമാറ്റ ആവശ്യം ഉയരുന്നുവെന്നത് കണ്ടില്ലെന്ന് നടിക്കാനാകാത്ത സ്ഥിതിയിലാണ് നേതൃത്വം.
യുഡിഎഫിനെ ശക്തിപ്പെടുത്താൻ തങ്ങളാൽ കഴിയുന്നത് ചെയ്യണമെന്ന നിലപാടിലാണ് മുസ്ലിംലീഗ്. അനൗപചാരികമെങ്കിലും കേരള കോൺഗ്രസിന് യുഡിഎഫിലേക്കുള്ള പാലം പണിയാൻ ഒരുങ്ങി നിൽക്കുന്നത് മുസ്ലിംലീഗ് തന്നെയാണ്. പാലാ സീറ്റ് വിട്ടുനൽകില്ലെന്ന മാണി സി കാപ്പന്റെ നിലപാടിന് മറുമറുന്നും മുസ്ലിംലീഗ് കൈയിൽ കരുതിയിട്ടുണ്ട്. ലീഗ് മത്സരിച്ചുപോരുന്ന തിരുവമ്പാടി നിയമസഭാ സീറ്റ് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് വിട്ടുനൽകാമെന്നാണ് ഓഫറെന്നാണ് സൂചന.
കേരള കോൺഗ്രസിന് സ്വാധീനമുള്ള പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ നിലവിൽ യു.ഡി.എഫിലെ മാണി സി. കാപ്പന്റെയും മോൻസ് ജോസഫിന്റെയും പക്കലാണ്. ഈ മണ്ഡലങ്ങളിൽനിന്ന് ഇവരെ മാറ്റി സീറ്റ് പിടിച്ചെടുക്കുന്നത് എതിർപ്പിനിടയാക്കുമെന്നു മാത്രമല്ല, എതിർവികാരമുണ്ടാക്കുകയും ചെയ്യും. ഈ പ്രതിസന്ധിയിലാണ് തിരുവമ്പാടി ഓഫറിന്റെ പ്രസക്തി.
മുനമ്പം ഭൂപ്രശ്‌നം, വനനിയമഭേദഗതി ബിൽ എന്നിവയിൽ കത്തോലിക്കാ സഭ സർക്കാരിനെതിരേ ശക്തമായ നിലപാടെടുത്തതാണ് കേരള കോൺഗ്രസിനെ ഒടുവിൽ പ്രതിസന്ധിയിലാക്കിയത്. ഈ രണ്ടു പ്രശ്‌നങ്ങളും സഭാംഗങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം കൈകാര്യംചെയ്യാൻ മുഖ്യമന്ത്രി രംഗത്തിറങ്ങിയെന്നതും ശ്രദ്ധേയമാണ്.
സാമുദായികവിഭാഗങ്ങളുമായി യു.ഡി.എഫ്. നേതാക്കൾ മെച്ചപ്പെട്ട ബന്ധം സ്ഥാപിച്ചെടുക്കുന്നതും ഇടതുമുന്നണി നിരീക്ഷിച്ചുവരുകയാണ്. കത്തോലിക്കാ സഭയുൾപ്പെടെ ഏതാണ്ടെല്ലാ ക്രൈസ്തവവിഭാഗങ്ങളുടെയും പരിപാടികളിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പങ്കെടുക്കുന്നുണ്ട്. രമേശ് ചെന്നിത്തല എൻ.എസ്.എസ്. നേതൃത്വവുമായി വീണ്ടും അടുത്തു. എസ്.എൻ.ഡി.പി. നേതൃത്വവും ഏറക്കുറെ യു.ഡി.എഫ്. അനുകൂല പ്രസ്താവനകൾ നടത്തുന്നു.
അടുത്തതവണ യു.ഡി.എഫ്. എന്ന പൊതുബോധം സൃഷ്ടിക്കപ്പെടാൻ ഇത്തരം സാഹചര്യങ്ങൾ വഴിയൊരുക്കുമെന്ന ചിന്തയും കേരള കോൺഗ്രസിലെ ഒരുവിഭാഗം പങ്കിടുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ. ജയരാജ്, പ്രമോദ് നാരായൺ എം.എൽ.എ. എന്നിവർ ഇടതുമുന്നണി വിടുന്നതിനോട് യോജിക്കുന്നില്ല. ജോസ് കെ. മാണിയുടെ തീരുമാനത്തെ എതിർത്ത് സ്വതന്ത്രനിലപാട് സ്വീകരിക്കാനും അവർ തയ്യാറല്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകൾ ലഭിക്കുക ഇടതുമുന്നണിയിൽനിന്നാകുമെന്ന വികാരവും കേരള കോൺഗ്രസിലുണ്ട്. ഇതെല്ലാം പരിഗണിച്ചേ അന്തിമതീരുമാനത്തിലേക്ക് പാർട്ടിക്ക് എത്താനാകൂ.