ആലുവയിൽ വീണ്ടും പെൺകുട്ടിക്ക് ക്രൂരപീഡനം. ചാത്തൻ പുറത്ത് എട്ടുവയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്.

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ സമീപത്തെ പാടത്തു നിന്ന് കണ്ടെത്തി. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. അമ്മ ഉണർന്നപ്പോൾ പെൺകുട്ടിയെ ഉറങ്ങിക്കിടന്ന സ്ഥലത്തു കാണാത്തതിനെ തുടർന്ന് ഉറക്കെ നിലവിളിച്ചു. തുടർന്ന് നാട്ടുകാർ പരിശോധന നടത്തുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെ സമീപത്തെ പാടത്തുനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു. ചോരയൊലിച്ച് നഗ്നയായാണ് കുട്ടിയെ കണ്ടെത്തിയത്. പീഡനത്തിൽ പരുക്കേറ്റ പെൺകുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നോ പീഡനത്തിനിരയാക്കിയതെന്നതോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ചാത്തന്‍പുറത്ത് നിരവധി അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കുടുംബത്തിന്റെ താമസം.

ആലുവയിൽ കഴിഞ്ഞ ജൂലൈ 28ന് മറ്റൊരു അതിഥി തൊഴിലാളിയുടെ അഞ്ചുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. ഒന്നരമാസത്തിനിടെയാണ് വീണ്ടുമൊരു പീഡനം കൂടി റിപ്പോർട്ട് ചെയ്യുന്നത്.