അരിസോണ: യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിൻ്റെ പ്രചാരണ ഓഫീസിന് നേരെ രണ്ടാം തവണയും വെടിവയ്പ്പ്. പ്രതികളാരാണെന്ന് അറിയില്ലെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് ഓഫീസിനെതിരെ ഇത്തരത്തില്‍ ഒരു ആക്രമണം നടക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് വെടിയുതിര്‍ത്തിയത്. ബുള്ളറ്റുകളില്‍ നിന്നുള്ള വെടിയേറ്റ കേടുപാടുകള്‍ സതേണ്‍ അവന്യൂവിനടുത്തുള്ള ഡെമോക്രാറ്റിക് പ്രചാരണ ഓഫീസിലും ടെമ്പെയിലെ പ്രീസ്റ്റ് ഡ്രൈവിലും കണ്ടെത്തിയതായി സിറ്റി പോലീസ് പറഞ്ഞു.
രാത്രി സമയങ്ങളില്‍ ആരും ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നില്ല. വാതിലിലും ഓഫീസിന്റെ ജനാലകളിലുമാണ് വെടിയേറ്റിരിക്കുന്നത്. നിലവില്‍, പാര്‍ട്ടി ഓഫീസില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശകലനം ചെയ്യുകയാണ്, അതേസമയം പ്രദേശത്തെ ജീവനക്കാരുടെയും മറ്റുള്ളവരുടെയും സുരക്ഷ കര്‍ശനമാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
നേരത്തെ, സെപ്തംബര്‍ 16 ന് അര്‍ദ്ധരാത്രിക്ക് ശേഷം ഓഫീസിന്റെ മുന്‍വശത്തെ ജനാലകള്‍ ബിബി തോക്കോ പെല്ലറ്റ് തോക്കോ ഉപയോഗിച്ച് വെടിവച്ചിരുന്നു. പോലീസ് ശക്തമായ അന്വേഷണം നടത്തുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചു.