പരാജയപ്പെട്ട കടമെടുപ്പ് കേസിൽ ഗുണമുണ്ടായത് കെ.എം എബ്രഹാമിനും കപിൽ സിബലിനും
കടമെടുപ്പ് കേസിൽ വക്കീൽ ഫീസായി ചെലവഴിച്ചത് ലക്ഷങ്ങൾ. കേരളത്തിനായി വാദിച്ച കപിൽ സിബലിന് വക്കിൽ ഫീസായി ഇതുവരെ 90.50 ലക്ഷം നൽകിയെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
ഫെബ്രുവരി 13 ന് സുപ്രീം കോടതിയിൽ ഹാജരായതിന് വരെയുള്ള ഫീസാണ് കപിൽ സിബലിന് നൽകിയത്. കപിൽ സിബലിന് ഫീസിനത്തിൽ ഇനിയും തുക നൽകാനുണ്ടെന്ന് വ്യക്തം.കപിൽ സിബലിനെ കൂടാതെ അഡ്വക്കേറ്റ് ജനറലിനും കിട്ടി ലക്ഷങ്ങൾ. ഫീസായി 2.40 ലക്ഷവും യാത്രപ്പടിയായി 1,90,750 രൂപയും അഡ്വക്കേറ്റ് ജനറലിന് ലഭിച്ചു.
ഒരു സിറ്റിംഗിന് 40000 രൂപയാണ് അഡ്വക്കേറ്റ് ജനറലിന് നൽകിയത്. 6 തവണ അഡ്വക്കേറ്റ് ജനറൽ സുപ്രീം കോടതിയിൽ ഹാജരായി. സഹായി ആയ സിനിയർ ഗവൺമെൻ്റ് പ്ലീഡർക്ക് യാത്രപ്പടിയായി കിട്ടിയത് 1,59,259 രൂപ. 96.40 ലക്ഷം രൂപയാണ് ഫീസായും മറ്റും ഇതുവരെ ചെലവായത്. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു കേരളം കേസ് നൽകിയത്.
എന്നാൽ കണക്കുകൾ സമർത്ഥിക്കുന്നതിൽ കേരളം ദയനീയമായി പരാജയപ്പെട്ടു. കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ രണ്ടംഗ ഭരണഘടന ബഞ്ചിലാണ്. കേരളത്തിന് മാത്രമായി എങ്ങനെ കടമെടുപ്പ് പരിധി ഉയർത്താൻ സാധിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ കോടികൾ നിർമ്മല സീതാരാമൻ വ്യക്തമാക്കിയതോടെ കേരളത്തിൻ്റെ കേസ് പൊളിയുക ആയിരുന്നു.
ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ എതിർപ്പ് മറികടന്നാണ് കേരളം സുപ്രീം കോടതിയിൽ കേസ് പോയത്. കേസിന് പോകുന്നതിനേക്കാൾ ചർച്ചയിലൂടെ പരിഹരിക്കാം എന്ന ബാലഗോപാലിൻ്റെ പ്രായോഗിക വാദത്തെ കെ.എം എബ്രഹാം എതിർത്തിരുന്നു.
കിഫ് ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതാണ് എബ്രഹാമിനെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയെ ഇറക്കി ബാലഗോപാലിൻ്റെ പ്രായോഗിക വാദത്തെ എബ്രഹാം വെട്ടി.
കടമെടുപ്പ് കേസിൻ്റെ പേരിൽ ഖജനാവിൽ നിന്ന് കുറെ കോടികൾ പോയത് മാത്രം മിച്ചം. കേസ് കൊണ്ട് ആകെ ഗുണമുണ്ടായത് കെ.എം എബ്രഹാമിനും കപിൽ സിബലിനും മാത്രം. കപിൽ സിബലിന് ഫീസായി ലക്ഷങ്ങൾ കിട്ടിയെങ്കിൽ എബ്രഹാമിന് കിട്ടിയത് കാബിനറ്റ് റാങ്ക്. ഡൽഹിയിൽ കേസിനും ഉദ്യോഗസ്ഥരെ കാണാനും പോകുമ്പോൾ കാബിനറ്റ് റാങ്കിൻ്റെ പത്രാസ് ഉണ്ടെങ്കിൽ കാര്യം നടത്താൻ എളുപ്പമാണ് എന്ന എബ്രഹാമിൻ്റെ വാദം മുഖ്യമന്ത്രി അംഗികരിക്കുക ആയിരുന്നു.
കടമെടുപ്പ് കേസിലെ ഫീസുകൾ എല്ലാം കൊടുത്ത് കഴിയുമ്പോൾ ചെലവ് 2 കോടിക്ക് മുകളിൽ പോകും എന്നാണ് നിയമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മലയാളം മീഡിയയോട് വെളിപ്പെടുത്തിയത്.