പന്തീരാങ്കാവ്: പെൺകുട്ടി മൊഴിമാറ്റിയാലും രാഹുൽ കുടുങ്ങും

പന്തീരാങ്കാവ് രാഹുൽ വീണ്ടും പിടിയിൽ

പന്തീരാങ്കാവ് നവവധുവിനു മർദ്ദനമേറ്റ സംഭവത്തിൽ ഒന്നാം പ്രതി രാഹുൽ പി.ഗോപാലിനെ രക്ഷപ്പെടുത്താൻ സഹായിച്ചന്ന കേസിൽ പന്തീരാങ്കാവ് സിവിൽ പൊലീസ് ഓഫിസർ കെ.ടി.ശരത് ലാലിനെ ഇന്നു പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിനു ശേഷം മുങ്ങിയ ഇയാൾ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും സ്റ്റേഷനിൽ ഹാജരായി ജാമ്യം നേടാൻ സെഷൻസ് കോടതി നിർദ്ദേശിക്കുകയായിരുന്നു.

തുടർന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് ഇയാൾ ചോദ്യം ചെയ്യലിനായി ഇന്ന് പോലീസിന് മുന്നിൽ ഹാജരാകുന്നത്.
ഇതിനിടയിൽ സാമൂഹിക മാധ്യമത്തിൽ പരാതിക്കാരിയായ യുവതി പ്രതിക്കനുകൂല നിലപാടുമായി നടത്തിയ പ്രചരണം പൊലീസ് അന്വേഷണ സംഘം ഗൗരവത്തിലെടുക്കുന്നില്ല. ശരത് ലാലിൽ നിന്നു ഇന്ന് മൊഴിയെടുത്ത ശേഷം രണ്ടു മുതൽ അഞ്ചു വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അടുത്ത ദിവസം കുറ്റപത്രം നൽകും.

കേസിൽ ഒന്നാം പ്രതി രാഹുൽ പി.ഗോപാലിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തെ കേസിൽ അറസ്റ്റ് ചെയ്ത മറ്റു പ്രതികളായ രാഹുലിന്റെ മാതാവ് ഉഷാകുമാരി, സഹോദരി കാർത്തിക, ഡ്രൈവർ രാജേഷ്, കൂടാതെ കേസിൽപ്പെട്ട പൊലീസുകാരനേയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം റിപ്പോർട്ട് മായി മുന്നോട്ട് പോകുന്നത്.

സംഭവത്തിനു ശേഷം യുവതി നൽകിയ പരാതിയും തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നൽകിയ മൊഴിയും ചേർത്താണ് ഒന്നാം പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെ കേസെടുത്തത്.
കൂടാതെ സംഭവം വിവാദമായതിൽ പരാതിക്കാരി കോടതിയിൽ നേരിട്ടു രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. ഇത് പ്രതിക്കെതിരെ ശക്തമായ തെളിവാകും. വിചാരണയ്ക്കിടയിൽ പരാതിക്കാർ കോടതി മുൻപാകെ മൊഴി മാറ്റി നൽകുന്നതേ ഗൗരവത്തിലെടുക്കൂ എന്നാണ് പൊലീസ് പറയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments