തെന്നിന്ത്യ മുഴുവന്‍ തരംഗമായ 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന് സി പ്രേംകുമാറിന്റെ രണ്ടാമത്തെ ചിത്രം ‘മെയ്യഴകന്’ മികച്ച പ്രീ-റിലീസ് പ്രതീക്ഷകള്‍ ഉയർത്തിയിരുന്നു. 27-ാം തീയതി തിയറ്ററുകളിലെത്തിയ ഈ ചിത്രത്തിന് ഇപ്പോൾ മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് ലഭിക്കുന്നത്. കാര്‍ത്തി ടൈറ്റില്‍ കഥാപാത്രമായി എത്തിയ ഈ ചിത്രത്തില്‍ അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന് മികച്ച റിവ്യൂകള്‍ ലഭിച്ചിരുന്നുവെങ്കിലും ദൈര്‍ഘ്യം ഒരു പ്രധാന പ്രശ്നമായിരുന്നു.2 മണിക്കൂര്‍ 57 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രത്തിന്റെ , 18 മിനിറ്റ് നീക്കം ചെയ്ത് 2 മണിക്കൂറും 39 മിനിറ്റും ദൈര്‍ഘ്യമുള്ളതാക്കി , പുതുക്കിയ പതിപ്പ് സെപ്റ്റംബര്‍ 30-ന് പ്രദര്‍ശനം ആരംഭിച്ചു.
ആദ്യ വാരാന്ത്യത്തില്‍ 16 കോടിയോളം കളക്ഷന്‍ നേടിയ ചിത്രത്തിന്, മൗത്ത് പബ്ലിസിറ്റിയുടെ പിന്തുണയോടെ പ്രവർത്തിദിനങ്ങളിലും ചിത്രം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ‘സത്യം സുന്ദരം’ എന്ന പേരിൽ തെലുങ്ക് പതിപ്പും തിയറ്ററുകളിലുണ്ട്. 2ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘മെയ്യഴകന്’ കാര്‍ത്തിയുടെ കരിയറിലെ 27-ാം ചിത്രമാണ്.