മഹാരാഷ്ട്ര: രാഹുല്‍ ഗാന്ധിക്കെതിരെ നാസിക്കിലെ മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചു. സവര്‍ക്കറിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ആണ് കോടതി സമന്‍സ് വന്നിരിക്കുന്നത്. 2022ല്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനവും പ്രസംഗവും താന്‍ കണ്ടിരുന്നുവെന്നും അതില്‍ സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് ആരോപിച്ച് കേസിലെ പരാതിക്കാരന്‍ അവകാശപ്പെട്ടു.
സവര്‍ക്കര്‍ ബിജെപിയും ആര്‍എസ്എസും ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സവര്‍ക്കര്‍ മോചനത്തിനായി കൂപ്പുകൈയോടെ പ്രാര്‍ത്ഥിച്ചതായും പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്റിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്തതായും പറഞ്ഞുവെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു . സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താനും പ്രശസ്തി നഷ്ടപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രസ്താവനകളാണിവ.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അപകീര്‍ത്തിപ്പെടുത്തല്‍, മനഃപൂര്‍വം അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രാഹുലിനെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശസ്നേഹിയായ വ്യക്തിക്കെതിരെ രാഹുല്‍ നടത്തിയ മൊഴികള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമാണെന്ന് കണ്ടെത്തിയിരുന്നുവെന്ന് സെപ്റ്റംബര്‍ 27 ന് നാസിക്കിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് സമന്‍സ് അയച്ചത്.