”ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലെ റിഷഭിന്റെ ബാറ്റിങ് കണ്ടത് എന്റെ മനസിലുണ്ടായിരുന്നു. മൂന്നാം നമ്പറാണ് അവന് അനുയോജ്യമായ ബാറ്റിങ് പൊസിഷനെന്ന് എനിക്ക് മനസിലായി. അവന്റെ തിരിച്ചടിക്കാനുള്ള കഴിവ് വളരെ മികച്ചതാണ്. അത് ഇന്ത്യക്ക് സഹായമാവുമെന്ന് മനസിലാക്കിയാണ് ജയ്‌സ്വാളിനെ പുറത്തിരുത്തി ഇത്തരമൊരു നീക്കം നടത്തിയത്. ഓള്‍റൗണ്ട് ഗെയിം കളിക്കാന്‍ റിഷഭിന് കഴിവുണ്ട്”…

നായകൻ രോഹിത് ശർമ്മയുടെ വാക്കുകൾ ആണിവ. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രമാണ്. ഇന്ത്യയുടെ അന്തിമ ഇലവനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ തന്നെ സജീവമായിരുന്നു. മലയാളി താരം സഞ്ജു സാംസൺ പുറത്തു തന്നെ തുടരേണ്ടിവരും എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. സഞ്ജു പുറത്തേക്കു പോയത് എങ്ങനെയാണ്? നായകൻ രോഹിത് ശർമ തന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിട്ടുണ്ട്.

മത്സരത്തിൽ സഞ്ജു സാംസണ് ടീം ഇന്ത്യ അവസരം നൽകിയിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അതു മുതലെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല. പിന്നാലെ അയർലാൻഡിന് എതിരായ മത്സരത്തിൽ സഞ്ജുവിനെ തഴഞ്ഞ് ഋഷഭ് പന്ത് ടീമിലെത്തുകയും ചെയ്തു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭിനെ മൂന്നാം നമ്പറിലിറക്കിയപ്പോള്‍ താരം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ റിഷഭ് മൂന്നാം നമ്പറില്‍ ഇറങ്ങിയതോടെ സഞ്ജു സാംസണിന്റേയും യശ്വസി ജയ്‌സ്വാളിന്റേയും അവസരമാണ് കുറഞ്ഞത്. ഇരുവര്‍ക്കും പ്ലേയിങ് 11ലെ സ്ഥാനവും നഷ്ടമായി.

ഇപ്പോഴിതാ റിഷഭിനെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നത് തന്റെ പദ്ധതിയായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശര്‍മ. റിഷഭ് പന്ത് മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോള്‍ താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ മികച്ച റെക്കോഡുള്ള താരമാണ്. എന്നാൽ സന്നാഹ മത്സരത്തിൽ സഞ്ജുവിനെ ഇറക്കിയത് ഓപ്പണറായിട്ടും.

രോഹിത്തും കോലിയും ഓപ്പണര്‍മാരാവുമ്പോള്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചാല്‍ ബാറ്റിങ് നിരയുടെ സംതുലിതാവസ്ഥയെ ബാധിക്കും. രോഹിത്തും കോലിയും വലം കൈയന്മാരാണ്. നാലാം നമ്പറിലിറങ്ങുന്ന സൂര്യകുമാര്‍ യാദവും വലം കൈയനായതിനാല്‍ സഞ്ജു കളിച്ചാല്‍ ടോപ് ഓഡറിലെ നാല് പേരും വലം കൈയന്‍മാരായി മാറും. ഇത് ബാറ്റിങ് ഓഡറിനെ ബാധിക്കും.

ഇക്കാരണത്താല്‍ത്തന്നെ മൂന്നാം നമ്പറില്‍ റിഷഭിനെ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ നന്നായി കളിക്കുന്ന താരമാണ്. എന്നാല്‍ കോലി, രോഹിത് ഓപ്പണിങ് ഇറങ്ങുമ്പോള്‍ ജയ്‌സ്വാളിന് പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്. മൂന്നാം നമ്പറില്‍ ജയ്‌സ്വാളിനെ കളിപ്പിച്ചാല്‍ അത് സാഹസമാവും. കാരണം മൂന്നാം നമ്പറില്‍ കളിച്ച് ജയ്‌സ്വാളിന് അനുഭവസമ്പത്തില്ല.

എന്നാല്‍ റിഷഭ് ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരമാണ്. അതുകൊണ്ടാണ് ഇന്ത്യ റിഷഭ് പന്തിനെ മൂന്നാം നമ്പറിലേക്കിറക്കിയത്. പാകിസ്താനെതിരായ മത്സരത്തിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് തീർച്ച. എന്നാൽ മലയാളി താരം സഞ്ജു സാംസൺ ഇനിയും വാട്ടർ ബോയ് ആയി തുടരും എന്ന് സാരം.