മൂന്നാമത് നരേന്ദ്ര മോദി സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിക്കാത്തതില്‍ രോഷാകുലനായി മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖര്‍. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് അത് പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്ന് പ്രഖ്യാപനം പിന്‍വലിച്ചുവെങ്കിലും ബിജെപി കേന്ദ്ര നേതൃത്വവുമായി അകന്ന് നില്‍ക്കാന്‍ തന്നെയാണ് രാജീവ് ചന്ദ്രശേഖറിന്റെ നീക്കമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിയോടെ തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാല്‍ അങ്ങനെ സംഭവിക്കുകയാണെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ എഴുതിയത്.

സോഷ്യല്‍ മീഡിയയില്‍ നിന്ന് പിൻവലിച്ച് കുറിപ്പിന്റെ മലയാള വിവർത്തനം വായിക്കാം.

എൻ്റെ 18 വർഷത്തെ പൊതുസേവനത്തിന് ഇന്ന് തിരശ്ശീല വീഴുന്നു, അതിൽ 3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ TeamModi2.0 യിൽ സേവിക്കാനുള്ള പദവി എനിക്ക് ലഭിച്ചു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ എൻ്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് അങ്ങനെയാണ്. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും – പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജ്ജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും എൻ്റെ അഗാധമായ നന്ദി. കഴിഞ്ഞ 3 വർഷമായി സർക്കാരിലെ എൻ്റെ സഹപ്രവർത്തകർക്കും നന്ദി.ഒരു ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകൻ എന്ന നിലയിൽ, ഞാൻ തുടർന്നും പിന്തുണയ്ക്കുകയും പാർട്ടിയിൽ പ്രവർത്തിക്കുകയും ചെയ്യും

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്ന വിവരം അദ്ദേഹം പങ്കുവച്ചത്. അതേസമയം, മൂന്നാം മോദി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിൽ നിന്ന് തൃശൂർ എം.പി സുരേഷ് ഗോപിയെയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനെയുമാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. അതേസമയം, പ്രഖ്യാപനം വാർത്തയായതോടെ രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.