ലോക ക്രിക്കറ്റിലെ ചിരവൈരികളായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുന്ന നിമിഷം. എല്ലാവർക്കും അറിയേണ്ടത് ആര് ജയിക്കുമെന്നതാണ്. രാത്രി 8 മണിക്ക് ന്യൂയോർക്കിലാണ് മത്സരം.

അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസത്തിൽ ഇന്ത്യ എത്തുമ്പോള്‍ പാകിസ്താന്‍ അമേരിക്കയോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് ഇറങ്ങുന്നത്. പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തുമോയെന്നതാണു പ്രധാന ചർച്ചാ വിഷയം. അങ്ങനെ ആണെങ്കിൽ ഓപ്പണിങ്ങിലേക്ക് യശ്വസി ജയ്‌സ്വാള്‍ തിരിച്ചെത്തിയേക്കും.

കഴിഞ്ഞ ദിവസം ഇടം കൈയന്‍ ഓപ്പണര്‍ നെറ്റ്‌സില്‍ കൂടുതല്‍ സമയം പരിശീലനം നടത്തിയിരുന്നു. അയര്‍ലന്‍ഡിനെതിരേ കോലിയും രോഹിത്തും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ പാകിസ്താനെതിരേ ഇടത്, വലത് ഓപ്പണിങ് കൂട്ടുകെട്ട് അനിവാര്യം എന്നാണ് വിലയിരുത്തൽ. എന്നാല്‍ അയര്‍ലന്‍ഡിനോട് നിരാശപ്പെടുത്തിയെങ്കിലും കോലി ടീമിന്റ നിര്‍ണ്ണായക താരമാണെന്ന് രോഹിത് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞിരുന്നു.

ശിവം ദുബെയെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത. അയര്‍ലന്‍ഡിനെതിരേ പന്തെറിയാന്‍ അവസരം ലഭിക്കാതിരുന്ന ദുബെ ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്തില്ല. താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമായിരുന്നു. ദുബെക്ക് പകരമാവും ജയ്‌സ്വാളെത്തുക. സഞ്ജു സാംസണ്‍ ലഭിച്ച അവസരം മുതലാക്കാത്തതിനാല്‍ പാകിസ്താനെതിരേയും പുറത്തിരിക്കും. മൂന്നാം നമ്പറില്‍ ഇന്ത്യ റിഷഭ് പന്തിനെത്തന്നെ നിലനിര്‍ത്തുമെന്ന് ബാറ്റിങ് പരിശീലകനടക്കം വ്യക്തമാക്കിയിരുന്നു.

അയര്‍ലന്‍ഡിനെതിരേ ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിച്ചിരുന്നില്ല. എന്നാല്‍ പാകിസ്താനെതിരേ കുല്‍ദീപ് ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ്. കുല്‍ദീപ് വരുമ്പോള്‍ അക്ഷര്‍ പട്ടേലിന് വഴിമാറിക്കൊടുക്കേണ്ടി വരും. ഇന്ത്യ മൂന്ന് പേസര്‍മാരെത്തന്നെ നിലനിര്‍ത്താനാണ് സാധ്യത. അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറക്കൊപ്പം തുടര്‍ന്നേക്കും.

ന്യൂയോര്‍ക്കിലെ പിച്ചില്‍ നല്ല സ്വിങ്ങും ബൗണ്‍സുമുണ്ട്. പാകിസ്താന്‍ മൂന്ന് പേസര്‍മാരെ കളിപ്പിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും പേസാക്രമണത്തില്‍ വിട്ടുവീഴ്ച വരുത്താതെയാവും ഇറങ്ങുക. മുൻതൂക്കം ഇന്ത്യയ്ക്ക് ആണെങ്കിലും പാക്കിസ്ഥാനെ എഴുതി തള്ളാൻ സാധിക്കില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കെൽപ്പുള്ള ഒരു കൂട്ടം താരങ്ങൾ പാകിസ്ഥാനിൽ ഉണ്ട് എന്ന് സാരം. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവരെ തളക്കുകയെന്നതാവും ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി.