തിരുവനന്തപുരം: റോഡ് സുരക്ഷ ഫണ്ട് വക മാറ്റി ചെലവഴിക്കുന്നതായി ആക്ഷേപം. കെഎസ്ആർടിസിക്ക് ഡ്രൈവിംഗ് സ്കൂൾ തുടങ്ങാൻ 11 കോടി റോഡ് സുരക്ഷ ഫണ്ടിൽ നിന്നെടുക്കാനുള്ള നീക്കമാണ് ഏറ്റവും ഒടുവിലത്തേത്.

ഈ മാസം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. കേരളീയത്തിന് റോഡ് സുരക്ഷ ഫണ്ടിൽ നിന്ന് പരസ്യം നൽകിയത് 40 ലക്ഷം രൂപയ്ക്കായിരുന്നു. 60 ലക്ഷം നവ കേരള യാത്രക്കും നൽകി. നവ കേരള ബസിൻ്റെ സേഫ്റ്റിക്ക് 3 ലക്ഷവും റോഡ് സുരക്ഷ ഫണ്ടിൽ നിന്ന് വകമാറ്റി.

കെ എസ് ആർ ടി സി ബസിൻ്റെ പുറകിലെ പരസ്യത്തിന് റോഡ് സുരക്ഷ ഫണ്ടിൽ നിന്ന് നൽകിയത് 2 കോടിയാണ്. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ്റെ മണ്ഡലത്തിലെ ഹാപ്പിനസ് ഫെസ്റ്റിനും നൽകി 3 ലക്ഷം. സജി ചെറിയാൻ്റെ ചെങ്ങന്നൂർ മേളക്ക് 2 ലക്ഷവും അനുവദിച്ചു.

ഗതാഗത മന്ത്രിയായിരുന്ന ആൻ്റണി രാജുവിൻ്റെ കാലത്ത് റോഡ് സുരക്ഷ ഫണ്ട് തോന്നിയതുപോലെയാണ് ചെലവഴിച്ചത്. ഇക്കാര്യത്തിൽ ആൻ്റണി രാജുവിൻ്റെ അതേ പാതയിലാണ് ഗണേഷ് കുമാറും .

മന്ത്രി ഓഫിസിൽ നിന്ന് പറയുന്ന തുക അനുവദിച്ചില്ലെങ്കിൽ റോഡ് സുരക്ഷ ഫണ്ടിലെ ഉദ്യോഗസ്ഥരുടെ കസേര തെറിക്കും. മന്ത്രിയുടെ ഓഫിസ് ഇടപെടൽ ആയതു കൊണ്ട് ഇക്കാര്യത്തിൽ കമ്മീഷണറും ഇടപെടുന്നില്ല. 2006 ലെ കേരള റോഡ് സുരക്ഷ അതോറിറ്റി ബില്ലിൽ റോഡ് സുരക്ഷ ഫണ്ട് ഏതൊക്കെ കാര്യങ്ങൾക്ക് നൽകാം എന്ന് വ്യക്തമാക്കുന്നുണ്ട്.