ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമ പെൻഷൻകാരുടെയും കുടിശിക 42,900 കോടി!! മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 6 മാസത്തെ ശമ്പളം കൊടുക്കുമെന്ന പ്രഖ്യാപനം പോലെയാകുമോ ആനുകൂല്യങ്ങൾ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം? ആശങ്കയിൽ പെൻഷൻകാരും ജീവനക്കാരും ക്ഷേമ പെൻഷൻകാരും

ലോകസഭ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടിയതോടെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും തടഞ്ഞ് വച്ച ആനുകൂല്യങ്ങൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയ വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കൂടാതെ 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശികയും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രസ് സെക്രട്ടറി പി.എം. മനോജ് എഴുതി കൊടുത്ത പ്രസംഗം തട്ടിവിടുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ജീവനക്കാരുടെ തടഞ്ഞ് വച്ച ആനുകൂല്യങ്ങൾ നൽകാൻ വേണ്ടത് 22500 കോടിയാണ്. പെൻഷൻകാരുടെ ആനുകൂല്യങ്ങൾ നൽകാൻ വേണ്ടത് 15000 കോടിയും.

6 മാസത്തെ ക്ഷേമ പെൻഷൻ കൊടുക്കാൻ വേണ്ടത് 5400 കോടിയാണ്. ജീവനക്കാർ, പെൻഷൻകാർ , ക്ഷേമ പെൻഷൻകാർ ഇവരുടെ ആനുകൂല്യങ്ങൾ നൽകാൻ 42,900 കോടി രൂപ കണ്ടെത്തണം. ഡിസംബർ വരെ 18523 കോടി കടം എടുക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. നേരത്തെ അനുവദിച്ച 3000 കോടികൂടി ആകുമ്പോൾ കടമെടുപ്പ് 21523 കോടിയാകും.

ശമ്പളവും ദൈനം ദിന കാര്യങ്ങളും തട്ടിയും മുട്ടിയും കൊണ്ട് പോകുന്നത് ഈ കടം എടുപ്പ് വഴിയാണ്. അതിനിടയിലാണ് കുടിശിക ഉടൻ അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം നല്‍കുമെന്ന് 2016 ഡിസംബറിൽ പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.

അടുത്ത ജോലി ലഭിക്കുന്നത് വരെയുള്ള ആറ് മാസക്കാലയളവിലേക്കാണ് ഈ തുക നല്‍കുക എന്നായിരുന്നു പ്രഖ്യാപനം. 6 മാസത്തെ ശമ്പളം പോയിട്ട് ഒരു ദിവസത്തെ ശമ്പളം പോലും നൽകിയില്ല എന്ന് ചരിത്രം. പ്രവാസികളെ പറ്റിച്ചതു പോലെ മുഖ്യമന്ത്രി തങ്ങളെയും പറ്റിക്കുമോയെന്ന ആശങ്കയിലാണ് പെൻഷൻകാരും ജീവനക്കാരും ക്ഷേമ പെൻഷൻകാരും.