ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥി എം. മുകേഷ് ജയിച്ചില്ലെങ്കിലും കൊല്ലത്ത് നിന്ന് ഇടത് എം.പി ഉണ്ടാകും. ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് ചിന്ത ജെറോമിനെ അയക്കാനാണ് ചില പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ ആഗ്രഹം, ഇതിന് പിണറായിയും എതിരല്ല.
പി.എ. മുഹമ്മദ് റിയാസിൻ്റെ ശക്തമായ പിന്തുണയും ചിന്ത ജെറോമിനുണ്ട്. പിണറായിയുടെ മകൾ വീണ വിജയൻ്റെ അടുത്ത സുഹൃത്ത് കൂടിയാണ് ചിന്ത. ഇംഗ്ലിഷ് പ്രാവീണ്യം ഉള്ള ചിന്ത ജെറോം ഡൽഹിയിൽ ശോഭിക്കുമെന്നാണ് വിശ്വാസം .ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി എന്നിവരുടെ രാജ്യസഭ കാലാവധിയാണ് ജൂലൈ 1 ന് കഴിയുന്നത്.
കക്ഷി നില അനുസരിച്ച് 2 സീറ്റിൽ എൽ.ഡി. എഫ് ജയിക്കും. 1 സീറ്റ് യു.ഡി.എഫും ജയിക്കും. സീറ്റ് വിട്ടുകൊടുക്കാൻ സി.പി.ഐ തയ്യാറാകില്ല. ബിനോയ് വിശ്വം ഒരു തവണ കൂടി രാജ്യസഭയിലേക്ക് പോകും. പിന്നെയുള്ളത് ജോസ്. കെ. മാണിയുടെ സീറ്റാണ്. അത് പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് സിപിഎം .
ജോസ് വഴങ്ങിയില്ലെങ്കിൽ ഇടതുമുന്നണിയിൽ പൊട്ടിത്തെറിയുണ്ടാകും.ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷയില്ലാത്ത സിപിഎം ജോസ് വഴങ്ങിയാലും ഇല്ലെങ്കിലും സീറ്റ് പിടിച്ചെടുക്കുമെന്ന് ഉറപ്പ്. ജോസിന് പകരം ക്രൈസ്തവ വിഭാഗത്തിലുള്ള നേതാവിനെ തന്നെ ഡൽഹിയിലേക്ക് സിപിഎം അയക്കും. ചിന്ത ജെറോമിൻ്റെ പേര് ഉയർന്ന് വരുന്നത് ഈ പശ്ചാത്തലത്തിൽ ആണ്.
കെ.വി തോമസിനും രാജ്യസഭയിലേക്ക് ഒരു കണ്ണുണ്ട്. ക്രൈസ്തവ വിഭാഗങ്ങളുമായി ചിന്ത ജെറോമിനേക്കാൾ അടുപ്പവും കെ.വി തോമസിനുണ്ട്. ചിന്തയുടെ പേരിനാണ് മുൻതൂക്കം. നഷ്ടം ജോസ് കെ. മാണിക്ക് തന്നെ. കോട്ടയത്ത് തോമസ് ചാഴിക്കാടൻ ജയിക്കാൻ സാധ്യത ഇല്ലെന്നാണ് പുറത്ത് വന്ന സർവേകൾ പറയുന്നത്.
കോട്ടയത്തോടൊപ്പം കയ്യിലിരുന്ന രാജ്യസഭ സീറ്റും നഷ്ടപ്പെട്ട് തല കുനിച്ച് നിൽക്കേണ്ട അവസ്ഥയിലാണ് ജോസ്. രാഷ്ട്രീയം സാധ്യതകളുടെ കളിയാണെന്ന് മാണി പുത്രന് നന്നായി അറിയാം. സംഭവ ബഹുലമാകും ജൂലൈയിലെ രാജ്യസഭ സീറ്റ് ഒഴിവുകൾ എന്ന് ചുരുക്കം.