പൊന്നാനി: പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രചാരണം അവസാനിക്കുന്ന മണിക്കൂറിലും കോണ്‍ഗ്രസിന്റെ വിട്ടുനില്‍ക്കല്‍ സജീവ ചര്‍ച്ച.

പൗരത്വ ഭേദഗത നിയമം ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലുള്ള കോണ്‍ഗ്രസിന്റെ മൗനവും മുസ്ലിംലീഗിന് സ്വന്തം പതാക പോലും പ്രചാരണത്തിന് ഉപയോഗിക്കാനാകാത്തതും മുസ്ലിംലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനിടയില്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രയാസം മറികടക്കാനാകുമോ എന്നതും ലീഗ് നേതൃത്വത്തെ അലട്ടുന്നുണ്ട്.

രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ നേതാക്കള്‍ മലപ്പുറത്തും പൊന്നാനിയിലും പ്രചാരണത്തിന് വരുന്നില്ലെന്നതും ലീഗിന് അണികളോട് മറുപടി പറയാനാകുന്നില്ല.

പൗരത്വ ഭേദഗതി നിയമം കോണ്‍ഗ്രസിന്റെ പ്രകടന പത്രകിയില്‍ ഉള്‍പ്പെടുത്താതിരുന്നതിനാല്‍ ലീഗിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. മുസ്ലിംകളെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന സിഎഎക്കെതിരായ നിലപാടാകും കോണ്‍ഗ്രസിന് എന്നായിരുന്നു ലീഗ് പ്രതീക്ഷിച്ചിരുന്നത്. ഇടതുമുന്നണി സിഎഎ പ്രധാന പ്രചാരണ വിഷയമായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നത്. രാഹുല്‍ഗാന്ധിയുടെ ഒറ്റവരി പ്രസ്താവനയില്‍ ആശ്വാസം കൊള്ളുകയാണ് ലീഗ് നേതാക്കള്‍ അണികളോട് ഈ ഒറ്റവരി തന്നെ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നെങ്കിലും ഫലപ്രദമാകുന്നില്ല.

വയനാട്ടിലും വടകരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി രാവും പകലും കഷ്ടപ്പെടുന്ന മുസ്ലിംലീഗിന് അവരുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് ആ പിന്തുണ കിട്ടുന്നില്ലെന്നുള്ളതും ഒരു വസ്തുതയാണ്.

2019 ല്‍ രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തിന് മുസ്ലിംലീഗിന്റെ പച്ചക്കൊടിയോട് ഉണ്ടായിരുന്ന രണ്ടാംതരമെന്ന നില ഈ തെരഞ്ഞെടുപ്പായപ്പോള്‍ പൂര്‍ണ്ണമായും പ്രകടമാകുകയാണ്. ബിജെപി പേടിയില്‍ പാര്‍ട്ടി കൊടി ഉപേക്ഷിക്കേണ്ടി വന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അത്ര സന്തോഷത്തിലല്ല. പാകിസ്ഥാന്‍ കൊടിയാണെന്ന ബിജെപി ആക്ഷേപത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് കൂട്ടിനില്ലെന്നതും പ്രവര്‍ത്തകരെയും അനുഭാവികളെയും വിഷമിപ്പിച്ചിട്ടുണ്ട്.

എടപ്പാളില്‍ നിശ്ചയിച്ചിരുന്ന പരിപാടിയില്‍ നിന്ന് രാഹുല്‍ഗാന്ധി ഒഴിവായതും പ്രധാന ചര്‍ച്ചയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് താനൂരില്‍ പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. വണ്ടൂരിലും നിലമ്പൂരിലും ഏറനാട്ടും എത്തിയ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കള്‍ മലപ്പുറത്തേക്കും പൊന്നാനിയിലേക്കും എത്തിയിരുന്നില്ല. എല്ലാംകൊണ്ടും അങ്ങോട്ട് ചെയ്യുന്ന പണിക്ക് തിരിച്ചൊരു ഉപകാരവും കിട്ടാത്ത അവസ്ഥയില്‍ സ്വന്തം നിലയില്‍ മുന്നോട്ടുപോകുകയാണ് മുസ്ലിംലീഗ്.

എന്നാല്‍ മുസ്ലിംലീഗിനെതിരെയുള്ള മുസ്ലിംപണ്ഡിത സഭയുടെ നിലപാട് മറ്റൊരു വെല്ലുവിളിയായി ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്.