തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കാലങ്ങളായി അനുവദിച്ചു വരുന്ന 5 വർഷം കൂടുമ്പോൾ ഉള്ള ശമ്പള പെൻഷൻ പരിഷ്കരണം ഇനി ഉണ്ടാകില്ല.

2019 ജൂലൈ മാസം നിലവിൽ വന്ന പതിനൊന്നാം ശമ്പള പരിഷ്കരണത്തിന് ശേഷം ജീവനക്കാർക്ക് 2024 ജൂലൈ മുതൽ ആണ് അടുത്ത ശമ്പള പരിഷ്കരണം നിലവിൽ വരേണ്ടത്. എന്നാൽ 2019 ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശിക പോലും അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ എല്ലാം നൽകും എന്നും ഒന്നും നിഷേധിക്കില്ല എന്നും തുടർച്ചയായി പറയുന്ന ധനമന്ത്രി ശമ്പള പരിഷ്കരണത്തിന്റെ ആദ്യ മൂന്ന് ഗഡുക്കൾ നൽകുന്നത് അനന്തമായി നീട്ടി വെക്കുകയായിരുന്നു. 5 വർഷ തത്വം പാലിച്ച് കൊണ്ട് തന്നെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും എന്നാണ് ഇടത് നേതാക്കൾ സംഘടനാ സമ്മേളന വേദികളിൽ പ്രഖ്യാപിച്ചത്.

എന്നാൽ, 2024 ജൂലൈ മാസം മുതൽ ജീവനക്കാർക്ക് അനുവദിക്കേണ്ട ശമ്പള പരിഷ്കരണത്തെ കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ പോലും നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് യാതൊരുവിധ ഫയൽ നീക്കവും നിലവിൽ ഇല്ല എന്നാണ് ധനവകുപ്പ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

2021 ജൂലൈ മാസം മുതലുള്ള 19% ക്ഷാമബത്തയും ജീവനക്കാർക്ക് കുടിശികയാണ്. ഇനി പുതിയ ശമ്പള കമ്മീഷനെ നിയമിച്ചാലും കമ്മീഷന്റെ വിശദമായ വർഷത്തോളമുള്ള പഠനത്തിനും സംഘടനകളുമായുള്ള കൂടിക്കാഴ്ചകൾക്കും ശേഷം 2026-27 ൽ മാത്രമാകും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത്. അങ്ങനെ എങ്കിൽ ചരിത്രത്തിൽ ആദ്യമായി 5 വർഷ തത്വം പാലിക്കപ്പെടാതെ 2019 ന് ശേഷം 2028 ൽ മാത്രമേ ജീവനക്കാർക്ക് അടുത്ത ശമ്പള പരിഷ്കരണ ആനുകൂല്യം ലഭിക്കുകയുള്ളൂ.

 • ഒന്നാം പേ റിവിഷൻ 1965
 • രണ്ടാം പേ റിവിഷൻ1968
 • 1973 കേന്ദ്ര സമാനമായ പരിഷ്കരണം നടപ്പിലാക്കി ഇടക്കാല ഉത്തരവ്
 • മൂന്നാം പേ റിവിഷൻ 1978
 • നാലാം പേ റിവിഷൻ 1983
 • അഞ്ചാം പേ റിവിഷൻ 1987
 • ആറാം പേ റിവിഷൻ 1992
 • ഏഴാം പേ റിവിഷൻ 1997
 • എട്ടാം പേ റിവിഷൻ 2003
 • ഒൻപതാം പേ റിവിഷൻ 2009
 • പത്താം പേ റിവിഷൻ 2014
 • പതിനൊന്നാം പേ റിവിഷൻ 2019