പൊന്നാനി: തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംലീഗിന് ചോദ്യമില്ലാത്ത പിന്തുണ നല്‍കിയിരുന്ന മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഇത്തവണ ചിന്തിക്കുന്നത് മുസ്ലിംലീഗില്‍ നിന്ന് അകലംപാലിച്ച്. സമീപകാലത്ത് സമസ്തയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി ലീഗ് നേതൃത്വം പ്രവര്‍ത്തിച്ചുവെന്ന് പരസ്യമായി പ്രസ്താവിച്ചത് സമസ്തയുടെ സെക്രട്ടറിയും മുശാവറ അംഗവുമായ ഉമര്‍ ഫൈസി മുക്കമാണ്.

ഇതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കേണ്ടതില്ലെന്നതാണ് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ നിലപാട്. എന്നാല്‍ നേതൃത്വത്തിന്റെ മൗനം കൊണ്ട് സമസ്തയുടെ അകല്‍ച്ചയില്‍ നിന്ന് കരകയറാന്‍ സാധിക്കുമോ എന്നുള്ളതാണ് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ പ്രധാന ചര്‍ച്ച വിഷയം.

മുസ്ലിം സമുദായത്തിന്റെ താല്‍പര്യങ്ങളെ അതേ ആര്‍ജവത്തോടെ സംരക്ഷിക്കാന്‍ മുസ്ലിംലീഗിനെ സാധിക്കൂവെന്ന ലീഗിന്റെ വാദങ്ങളെ സ്വന്തം കൊടിപോലും ആര്‍ജവത്തോടെ ഉയര്‍ത്താന്‍ സാധിക്കാത്ത അവസ്ഥ വെച്ചാണ് എതിരാളികള്‍ പ്രതിരോധിക്കുന്നത്.

ലീഗിന് ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത് പൊന്നാനി ലോക്‌സഭ മണ്ഡലത്തിലാണ്. വ്യക്തിപ്രഭാവം കൊണ്ട് ലീഗിന്റെ മുഖമായ എംപി അബ്ദുസമദ് സമദാനിക്കെതിരെ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മുസ്ലിം ലീഗ് മുന്‍ സംഘടനാ സെക്രട്ടറി കെഎസ് ഹംസയാണ്. സമസ്തയുടെ പിന്തുണയോടെയാണ് പൊന്നാനിയിലേക്ക് കെ.എസ്. ഹംസ മത്സരിക്കാനെത്തിയതെന്ന പ്രചാരണത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന വാക്കുകളാണ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം പറഞ്ഞത്.

ഉമര്‍ ഫൈസി മുക്കം പ്രകടിപ്പിച്ചത് സമസ്ത മക്കളുടെ വികാരമാണെന്നായിരുന്നു കെഎസ് ഹംസയുടെ ഇതിനോടുള്ള പ്രതികരണം. മുസ്ലിംലീഗും സമസ്തയും തമ്മില്‍ ചെറിയ തോതില്‍ അകല്‍ച്ചയുണ്ടെന്ന് മുനവ്വറലി ഷിഹാബ് തങ്ങളും ഇന്ന് ഒരു മാധ്യമത്തിനോട് വ്യക്തമാക്കിയിരുന്നു. ഇതോടെ പൊന്നാനിയില്‍ ഈസി വാക്കോവറാണെന്ന പികെ കുഞ്ഞാലിക്കുട്ടിയുടെയും നേതാക്കളുടെയും കണക്കുകൂട്ടലുകളാണ് തെറ്റിയിരിക്കുന്നത്.

പൊന്നാനിയില്‍ മുസ്ലിംലീഗ് എംപിമാരുടെ കാലങ്ങളായുള്ള പ്രകടനങ്ങളെയും പ്രത്യേകിച്ച് ഇ.ടിയോടുള്ള വിമര്‍ശനത്തിനെയും സമദാനിയിലൂടെ മറികടക്കാനാകുമെന്നുള്ള ചിന്ത പൂര്‍ണ്ണമായും ശരിയാകുന്നില്ലെന്നാണ് പൊന്നാനിയിലെ വോട്ടര്‍മാരുടെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്. കൂടാതെ വ്യക്തമായ കാരണം പറയാതെ എംപിമാരെ പരസ്പരം വെച്ചുമാറിയതും മണ്ഡലത്തില്‍ ചര്‍ച്ചയാണ്. ഇതിന് പുറമേയാണ് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന റോഡ് ഷോകളില്‍ മുസ്ലിംലീഗിന്റെ കൊടി ഉയര്‍ത്താനാകാത്ത സാഹചര്യം. ഇപ്പോള്‍ അതിന് പറ്റിയ സാഹചര്യമല്ലെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഇതിന് മറുപടിയായി പറഞ്ഞത്. സ്വന്തം പാര്‍ട്ടിയുടെ കൊടി ഉയര്‍ത്താനാകാത്ത വേദിയില്‍ സ്വന്തം നിലപാട് എത്രത്തോളം ശക്തമായി ഉയര്‍ത്തനാകുമെന്ന ചോദ്യമാണ് ലീഗിനെ പ്രതിരോധത്തിലാക്കുന്നത്.

മുസ്ലിംലീഗ് അധ്യക്ഷനും പണ്ഡിത മുഖവുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തതും അതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യം വഷളായി മരണപ്പെട്ടതും സംബന്ധിച്ച് കെഎസ് ഹംസ ഉന്നയിക്കുന്ന കാര്യങ്ങളെ അതോപോലെ തന്നെ സമസ്തയുടെ നേതാക്കള്‍ ഉയര്‍ത്തുമ്പോള്‍ സാദിഖലി തങ്ങള്‍ അതിനോട് ഇപ്പോള്‍ മറുപടി വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നത് അണികള്‍ക്ക് അത്രത്തോളം ബോധ്യപ്പെട്ടിട്ടില്ല.

ഇതിനൊക്കെ പിന്നാലെയാണ് സമസ്തയുടെ വിയോജിപ്പുകളെ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ തുറന്നുപറഞ്ഞ് ഉന്നത നേതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ കെഎസ് ഹംസക്കെതിരെയുള്ള എല്ലാ രാഷ്ട്രീയ കണക്കുകൂട്ടലുകളും പികെ കുഞ്ഞാലിക്കുട്ടിക്ക് തെറ്റുന്ന കാഴ്ച്ചയാണ് പൊന്നാനിയില്‍ കാണുന്നത്.