തിരുവനന്തപുരം: വിരമിച്ച ശേഷവും ബി. സന്ധ്യക്ക് പോലിസ് കാവൽ. മൂന്ന് പോലിസുകാരെയാണ് സന്ധ്യ കാവലിനായി വച്ചത്. ഈ പോലിസുകാരുടെ ശമ്പളത്തിന് ഒരു മാസം ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് 2.25 ലക്ഷം രൂപയാണ്. 2023 മാർച്ചിലാണ് ബി. സന്ധ്യ വിരമിച്ചത്.

2024 ജനുവരിയിൽ പി. ശശിയുടെ ശുപാർശയിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി കസേര സന്ധ്യ കരസ്ഥമാക്കിയിരുന്നു. ഇതിന് പിന്നാലെ തന്റെ സെക്യൂരിറ്റി ഓഫീസർമാരായ 3 പോലിസുകാരുടെ നിയമനം റഗുലറൈസ് ചെയ്യണമെന്ന ആവശ്യവുമായി സന്ധ്യ പോലിസ് ആസ്ഥാനത്ത് കത്തയച്ചു.

ഇതോടെയാണ് വിരമിച്ച ശേഷവും സന്ധ്യ 3 പോലീസ്കാരെ സുരക്ഷക്കായി നിയമിച്ച കാര്യം ഡി.ജി.പി അറിയുന്നത്. പ്രകോപിതനായ ഡിജിപി പോലിസുകാരെ തിരിച്ചു വിളിച്ചു. തിരഞ്ഞെടുപ്പ് ജോലിക്ക് പോലിസുകാരെ തിരിച്ചു വിളിക്കുന്നതായി കാണിച്ചാണ് സന്ധ്യക്ക് ഒപ്പമുള്ളവരെ ഡിജിപി മടക്കിയത്. പോലിസുകാർക്ക് താക്കീതും നൽകിയിട്ടുണ്ട്. ഒരു വർഷത്തോളമാണ് 3 പോലിസുകാർ അനധികൃതമായി ബി. സന്ധ്യക്ക് കാവൽ നിന്നത്.

ഇവരുടെ ഒരു വർഷത്തെ ശമ്പളം മാത്രം 27 ലക്ഷം രൂപയാണ്. അനധികൃതമായി ജോലി ചെയ്ത കാലയളവ് ക്രമീകരിച്ചില്ലെങ്കിൽ ഇവരുടെ ശമ്പളം തിരിച്ചു പിടിക്കാമെന്നാണ് ചട്ടം. പേടിക്കണ്ട, നിങ്ങൾ എൻ്റെ കൂടെ ജോലി ചെയ്ത കാലയളവ് ക്രമീകരിച്ചു തരുമെന്നായിരുന്നു ബി സന്ധ്യ പോലിസുകാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. ഏപ്രിൽ 26 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 3 പേരെയും താൻ മടക്കി കൊണ്ട് വരും എന്ന് സന്ധ്യ പോലിസുകാർക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. വിഷയം പി. ശശിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ് ബി. സന്ധ്യ.