തിരുവനന്തപുരം: വടകരയിൽ കെ. കെ. ശൈലജ സ്ഥാനാർത്ഥിയായി എത്തിയതോടെ കോവിഡ് കാല പർച്ചേസ് കൊള്ളയും ചർച്ചയിൽ നിറയുകയാണ്. 1032 കോടിയുടെ വെട്ടിപ്പാണ് കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ നടന്നത് എന്ന് പ്രതിപക്ഷ നേതാവ് ഇന്ന് തുറന്നടിച്ചതോടെ വടകരയിൽ ശൈലജയുടെ അഴിമതിയെക്കുറിച്ച് വീണ്ടും വൻ ചർച്ചയായി മാറുകയാണ്.

ശൈലജയുടെ കോവിഡ് പർച്ചേസ് അഴിമതിയിൽ അന്വേഷണം നടത്താൻ ലോകായുക്ത ഉത്തരവ് ഇട്ടിരിക്കുകയാണ്. അന്വേഷണം പകുതി ഘട്ടം പിന്നിട്ട് കഴിഞ്ഞു. ലോകായുക്ത അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ശൈലജയുടെ കൂട്ടുപ്രതി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു. തിരുവനന്തപുരം ടെന്നീസ് ക്ലബ്ബ് കേന്ദ്രീകരിച്ചാണ് പർച്ചേസ് അഴിമതിയുടെ ഇടപാടുകൾ നടന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ മെമ്പർഷിപ്പ് എടുത്തത് 2017 ഏപ്രിലിൽ ആണ്. തലസ്ഥാനത്തെ ഉന്നതകുലജാതരുടെ വിശ്രമകേന്ദ്രം ആണ് ടെന്നീസ് ക്ലബ്ബ്. ഒരു സർക്കാർ കമ്പനി സ്വകാര്യ ക്ലബ്ബ് മെമ്പർഷിപ്പ് എടുക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് ശൈലജയുടെ കാലത്ത് ടെന്നീസ് ക്ലബ്ബിൽ അംഗത്വം എടുത്തത്. 11.50 ലക്ഷം രൂപയായിരുന്നു മെമ്പർഷിപ്പ് ഫീസ്. 2017-18, 18-19, 19-20 കാലയളവിൽ ടെന്നീസ് ക്ലബ്ബിൽ മീറ്റിംഗ് നടത്തി എന്ന് വീണ ജോർജ് നിയമസഭയിൽ മറുപടി നൽകിയിരുന്നു.

എന്ത് മീറ്റിംഗ് ആണ് ആരൊക്കെ പങ്കെടുത്തു എന്നൊന്നും മറുപടിയിൽ ഇല്ലാത്തത് ആണ് ടെന്നിസ് ക്ലബ്ബിനെ കുറിച്ച് ദുരൂഹത വർദ്ധിപ്പിക്കുന്നത്. 2022 ആഗസ്ത് വരെ 19,13,700 രൂപ ടെന്നിസ് ക്ലബ്ബിന് നൽകിയെന്നും വീണ ജോർജ് വ്യക്തമാക്കുന്നു. മെമ്പർഷിപ്പ് എടുക്കാനുണ്ടായ സാഹചര്യം മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ല എന്നും ഇത് പരിശോധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 2022 ഡിസംബർ 12 ന് നൽകിയ നിയമസഭ മറുപടിയിൽ വീണ ജോർജ് വ്യക്തമാക്കുന്നു.

ഇതുവരെ ഒരു റിപ്പോർട്ടും വീണക്ക് ലഭിച്ചതും ഇല്ല. ഈ രക്തത്തിൽ തനിക്ക് പങ്കില്ല എന്ന് പരസ്യമായ കുറ്റസമ്മതം ആയിരുന്നു വീണയുടെ നിയമസഭ മറുപടി . ടെന്നീസ് ക്ലബ്ബിൽ എന്തിനാണ് ചട്ടം ലംഘിച്ച് മെമ്പർഷിപ്പ് എടുത്തത് എന്നതിനെ കുറിച്ച് കെ. കെ. ശൈലജയും വിശദികരിക്കുന്നില്ല. ഇക്കാര്യത്തിൽ മൗനമാണ് കെ. കെ. ശൈലജയുടെ മറുപടി. ഈ പശ്ചാത്തലത്തിലാണ് കോവിഡ് പർച്ചേസ് കൊള്ളയുടെ ചർച്ചകൾ നടന്ന വേദി ടെന്നീസ് ക്ലബ്ബ് ആണെന്ന ആക്ഷേപം ഉയരുന്നത്.