മുംബൈ : ഇലക്ട്രിക് ഓട്ടോറിക്ഷ ചാർജ് ചെയ്യുന്നതിനിടെ വൻ സ്ഫോടനം . ഒരു കുടുംബത്തിലെ 7 പേർ മരിച്ചു . ഔറംഗബാദ് കൻ്റോൺമെൻ്റിലെ ദനാ ബസാർ പ്രദേശത്താണ് സംഭവം . ഹമീദ ബീഗം (49), മക്കളായ വസീം (29), സോഹെൽ (27), ഇവരുടെ ഭാര്യമാരായ തൻവീർ (25), രേഷ്മ (23), അഞ്ച് വയസ് പ്രായമുള്ള രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്.

2 പേർ പൊള്ളലേറ്റും ബാക്കിയുള്ള 5 പേർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഔറംഗബാദ് പോലീസ് കമ്മീഷണർ മനോജ് ലോഹ്യ പറഞ്ഞു ബുധനാഴ്ച പുലർച്ചെ 3 ന് വാഹനം പൊട്ടിത്തെറിച്ചതോടെ വീടിന് തീപിടിക്കുകയായിരുന്നു.

അപകട സമയത്ത് കുടുംബാംഗങ്ങൾ ഉറങ്ങുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. മൃതദേഹങ്ങൾ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.