തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള പ്രതിസന്ധി തുടരുന്നു. സർക്കാർ ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം കൊടുക്കുമെന്ന് പ്രഖ്യാപിച്ച ബാലഗോപാലിന് രണ്ടാം ദിനവും ശമ്പളം കൊടുക്കാന്‍ സാധിച്ചിട്ടില്ല.
ട്രഷറിയില്‍ ശമ്പള ബില്ലുകള്‍ പാസാക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ശമ്പളം ബാങ്ക് അക്കൗണ്ടിലെത്തുന്നില്ല. ട്രഷറിയിലെ ഇ.റ്റി.എസ്.ബി അക്കൗണ്ടിലേക്ക് ശമ്പളം ക്രഡിറ്റ് ചെയ്യുന്നുണ്ടെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ട്രാന്‍സ്ഫര്‍ ചെയ്യുന്നില്ല. മാര്‍ച്ച് മാസം നേരിട്ട അതേ പ്രതിസന്ധിയാണ് എപ്രിലിലും ജീവനക്കാരുടെ മുന്നിലുള്ളത്.
സംസ്ഥാനത്ത് 90 ശതമാനം പേരും ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം വാങ്ങിക്കുന്നത്. ഒന്നാം ദിവസം ശമ്പളം ലഭിക്കേണ്ടവര്‍ക്ക് നാളെയോടെ ബാങ്ക് അക്കൗണ്ടില്‍ പണം എത്തിക്കും എന്നാണ് ധനവകുപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന.കഴിഞ്ഞ മാസത്തെ പോലെ തന്നെയാവും ഇത്തവണയും ശമ്പള വിതരണം എന്ന് വ്യക്തം.
ശമ്പള വിതരണത്തെക്കുറിച്ച് ധനമന്ത്രി കെഎൻ ബാലഗോപാലിനോട് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോള്‍ ഒരുതരത്തിലുള്ള പ്രതിസന്ധിയുമില്ലെന്ന് പറയുന്നുണ്ടെങ്കിലും ജീവനക്കാർക്ക് രണ്ടാം തീയതിയായിട്ടും എന്തുകൊണ്ട് ശമ്പളം ലഭിച്ചില്ലെന്ന് വിശദീകരിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല.