മലയാളത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നയാളാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനേതാവായി തുടങ്ങി നിര്‍മ്മാതാവും സംവിധായകനുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ആടുജീവിതമാണ്.

താന്‍ സംവിധാനം ചെയ്ത ലൂസിഫറിനേക്കാള്‍ വേഗതയില്‍ 50 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ് ആടുജീവിതം. ഇപ്പോള്‍ താന്‍ അഭിനയിക്കുന്ന സിനിമകളില്‍ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് പൃഥ്വിരാജ് തന്നെ തുറന്നുപറയുകയാണ്.

മലയാള സിനിമയില്‍ താന്‍ മികച്ച ചിത്രത്തിന്റെ നിര്‍മ്മാണത്തിനെക്കുറിച്ചാണ് ചിന്തിക്കാറുള്ളത് അതിനാല്‍ താന്‍ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറിലെന്നും ലാഭ വിഹിതമാണ് വാങ്ങാറുള്ളതെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിക്കാറില്ല. പകരം ലാഭത്തില്‍ നിന്നുമുള്ള വിഹിതം ആണ് വാങ്ങാറുള്ളത്. ബോളിവുഡ് നടന്‍ അക്ഷയ് കുമാറും സിനിമയുടെ ലാഭ വിഹിതമാണ് വാങ്ങാറുള്ളത്. സിനിമയുടെ ബജറ്റിന്റെ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇന്‍ഡസ്ട്രി അല്ല മലയാളം. കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും നിര്‍മാണത്തിനാണ് മാറ്റിവയ്ക്കുന്നത്. അതായത് മറ്റ് ഇന്‍ഡസ്ട്രികളില്‍ 75 കോടിയാണ് സിനിമയുടെ ബജറ്റ് എങ്കില്‍ അതില്‍ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നത്’ പൃഥ്വിരാജ് പറഞ്ഞു.

സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കാത്തത്, ശമ്പളം വാങ്ങുന്നതിലൂടെ സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാകുമെന്നതു കൊണ്ടാണ്. ബജറ്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഷൂട്ടിംഗ് തടസ്സപ്പെടും. ഒരു സിനിമ നല്ല രീതിയില്‍ ഷൂട്ട് ചെയ്യണമെന്നാണ് പറയാറുള്ളത്. അതുകൊണ്ട് പ്രതിഫലം വാങ്ങില്ല. പകരം ലാഭത്തില്‍ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. സിനിമ തിയേറ്ററില്‍ ഓടിയില്ലെങ്കില്‍ ലാഭമൊന്നും കിട്ടുകയും ഇല്ല. ഒരു രൂപ പോലും കിട്ടാത്ത സാഹചര്യവും ഉണ്ടാകും. ലാഭം ഉണ്ടായാല്‍ പ്രതിഫലത്തെക്കാള്‍ കൂടുതല്‍ കിട്ടാറുമുണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു.