ഡൽഹി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന ആശയം നുണ . മോദി സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി രം​ഗത്ത് . കോണ്‍ഗ്രസിനെതിരെയുള്ള ക്രിമിനല്‍ നടപടിയാണിതെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഇതിന് പിന്നിലെന്നും രാഹുല്‍ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനെതിരായ ഈ ക്രിമിനല്‍ നടപടിക്കെതിരെ ഇവർ പ്രതികരിക്കുന്നില്ല. മോദി സർക്കാർ മരവിപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകള്‍ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ കൂടിയാണ്.

രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് കോണ്‍ഗ്രസ്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്താൻ കഴിയാത്ത അവസ്ഥയാണ്. ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ് കേന്ദ്രത്തിന്റെ നടപടിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.