കൊച്ചി: മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങി മരിച്ചു. വടക്കൻ പറവൂർ വടക്കുംപുറം കൊച്ചങ്ങാടിയിൽ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്. ഷാനുവിന്‍റെ ഭർതൃപിതാവ് സെബാസ്റ്റ്യനെ (64) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. പരിക്കേറ്റ ഷാനു അടുത്ത വിട്ടീല്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ സെബാസ്റ്റ്യനെ കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മാറ്റാരും ഉണ്ടായിരുന്നില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തന്റെ ഭാര്യയും പിതാവും തമ്മിൽ വഴക്കു പതിവായിരുന്നെന്നു ഷാനുവിന്റെ ഭർത്താവ് സിനോജ് പറഞ്ഞു. ഭക്ഷണകാര്യങ്ങളെച്ചൊല്ലി ആറു മാസം മുൻപു വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറഞ്ഞു. ഫാക്ടിലെ കരാർ ജീവനക്കാരനാണു സിനോജ്. രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെന്നും അപ്പോൾ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു.

പിതാവുമായി യോജിച്ചു പോകാൻ കഴിയാത്തതിനെ തുടർന്ന് സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണു താമസം. ഇവരുടെ മാതാവ് രണ്ട് ദിവസം മുൻപ് സഹോദരന്റെ വീട്ടിലായിരുന്നു. സിനോജിന്റെയും ഷാനുവിന്റെയും എൽകെജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിൽപോയശേഷം ഷാനു വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചശേഷം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും.