കന്യാകുമാരി പിടിക്കാന്‍ ബി.ജെ.പി

കന്യാകുമാരി: തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന എസ്. വിജയധരണി ബി.ജെ.പിയില്‍ ചേര്‍ന്നു. കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ വിളവന്‍കോട് നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയാണ് വിജയധരണി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിന് ശേഷമാണ് ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്തിന് വളരെ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് അവര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. സ്വന്തമായി ശക്തമായ ഒരു മുന്നണിയുടെ പോലും ഭാഗമാകാന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നതാണ് കോണ്‍ഗ്രസ് എം.എല്‍.എയുടെ പാര്‍ട്ടി മാറല്‍.

വിജയധരണി ബിജെപിയില്‍ ചേരുന്നു

ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി എല്‍. മുരുഗന്റെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാടിന്റെ ചുമതലയുള്ള പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്റെയും സാന്നിധ്യത്തിലാണ് അവര്‍ ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്.

കേന്ദ്രത്തിന്റെ പല പദ്ധതികളും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ഡി.എം.കെ സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നാണ് വിജയധരണിയുടെ ആരോപണം. മോദിയെ ശക്തിപ്പെടുത്താന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് അനേകം പേര്‍ ഇനിയും പാര്‍ട്ടിയില്‍ ചേരുമെന്നു കേന്ദ്രമന്ത്രി മുരുഗന്‍ അറിയിച്ചു. 2019ലെ തിരഞ്ഞെടുപ്പില്‍ 39 സീറ്റുകളുള്ള തമിഴ്‌നാട്ടിലെ ഒരു സീറ്റില്‍പ്പോലും ജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.