തിരുവനന്തപുരം: മാസപ്പടി കേസിൽ വീണാ വിജയന് ഇന്ന് നിർണായക ദിനം. എക്‌സാലോജിക്- സിഎംആർഎൽ ദുരൂഹ ഇടപാടിൽ നാല് കേസുകളാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. എക്‌സാലോജിക് നൽകിയതും എക്‌സാലോജിക്കിനെതിരെ നൽകിയതുമായ മൂന്ന് കേസുകളുമാണ് കേരള ഹൈക്കോടതിയും കർണാടക ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നത്. കമ്പനിക്കെതിരെ നൽകിയതും എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കമ്പനി നൽകിയതുമായ കേസുകൾ പരിഗണനയ്‌ക്ക് എത്തുമ്പോൾ കോടതി എന്തുപറയുമെന്നാണ് അറിയേണ്ടത്.

വീണാ വിജയനും എക്‌സാലോജിക്കിനും ശക്തമായ പ്രതിരോധമാണ് സിപിഎം തീർക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡലങ്ങളിൽ നടത്തുന്ന ശിൽപ്പശാലകളിൽ പോലും വീണയെ ന്യായീകരിച്ചു കൊണ്ടുള്ള രേഖ സിപിഎം പുറത്തിറക്കിയിരുന്നു.

അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. ഉച്ചയോടെ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചിൽ കേസ് പരിഗണനയ്‌ക്ക് വരും. എസ്എഫ്‌ഐഒ ഡയറക്ടർക്ക് വേണ്ടി ഹാജരാകുന്നത് കർണാടകയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്ജി കുളൂർ അരവിന്ദ് കാമത്ത് ആണ്.

വിവാദ ഇടപാടിൽ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയും മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐഡിസി നൽകിയ ഹർജിയുമാണ് കേരള ഹൈക്കോടതി പരിഗണിക്കുക.