ആലപ്പുഴ : തീരദേശപാതയിൽ അമ്പലപ്പുഴ – തുറവൂർ ഭാഗം ഇരട്ടിപ്പിക്കാൻ 500 കോടി രൂപ കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതോടെ ട്രെയിനുകളുടെ വൈകിയോട്ടത്തിന് പരിഹാരം കാണാൻ വഴി തെളിഞ്ഞു. തുറവൂർ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് നേരത്തെ പണം അനുവദിച്ചിരുന്നു. ഇവിടെ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുകയാണ്. അമ്പലപ്പുഴ- തുറവൂർ പാതയിൽ 62 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
അമ്പലപ്പുഴ – എറണാകുളം പാത ഇരട്ടിപ്പിക്കാത്തതിനെത്തുടർന്നുള്ള ട്രെയിനുകളുടെ വൈകിയോട്ടം തീരദേശപാതയിലെ യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുിക്കുന്നത്. വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ എറണാകുളം-അമ്പലപ്പുഴ പാതയിൽ പല ട്രെയിനുകളും പിടിച്ചിടേണ്ട അവസ്ഥയുണ്ട്. കോട്ടയം വഴി സർവീസുകൾക്ക് തടസമുണ്ടായാൽ ആലപ്പുഴ വഴി തിരിച്ചു വിടാനും പാത ഇരട്ടിപ്പിക്കൽ സഹായകമാകും.
ഇരട്ടിപ്പിക്കേണ്ടത് 70കിലോമീറ്റർ
അമ്പലപ്പുഴ മുതൽ എറണാകുളം വരെ 70 കിലോമീറ്റർ ഇരട്ടിപ്പിക്കുന്നതിന് 2661കോടി റെയിൽവേ അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ വൈകിയതാണ് പദ്ധതി നീളാൻ കാരണം. അമ്പലപ്പുഴ മുതൽ എറണാകുളം പാത ഇരട്ടിപ്പിക്കൽ 2024ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ‘മിഷൻ 2024’ൽ ഉൾപ്പെടുത്തിയെങ്കിലും പലവിധ കാരണങ്ങളാൽ വൈകി. തുറവൂർ – കുമ്പളങ്ങി ഭാഗത്ത് നിർമ്മാണം പുരോഗമിക്കുന്നു. കൈതപ്പുഴ കായലിലെ പ്രധാന പാലം ഉൾപ്പെടെ നാല് പാലങ്ങളുടെ നിർമ്മാണം ഈ ഭാഗത്ത് പൂർത്തിയാകണം.
അമ്പലപ്പുഴ – തുറവൂർ പാത, ദൈർഘ്യം : 70 കിലോമീറ്റർ, അനുവദിച്ചത് : 500 കോടി